പാലക്കാട്:അകത്തേത്തറ നടക്കാവ് റെയില്‍വേ മേല്‍പ്പാലം സ്ഥലമേറ്റെടുപ്പിന് മുന്നോടിയായി സ്ഥലമേറ്റെടുപ്പ് അവകാശ ആക്ട് വകുപ്പ് 19 (2) പ്രകാരമുള്ള പ്രഖ്യാപനത്തിന് അസാധാരണ ഗസറ്റ് പ്രസിദ്ധീകരിച്ചു. മേല്‍പ്പാലം നിര്‍മാണത്തിനായി ആവശ്യമുള്ള സ്ഥലം സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുന്നതാണ് വകുപ്പ് 19 (2). നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് സ്ഥലം ഉടമകളുടെ ആക്ഷേപം കേള്‍ക്കുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു. റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചെന്ന അറിയിപ്പായ 11 (1) വിജ്ഞാപന ത്തിന്റെ മേലുള്ള ആക്ഷേപങ്ങള്‍ സ്ഥലമേറ്റെടുപ്പ് ഓഫീസര്‍ കേട്ടതിന് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിനടിസ്ഥാനത്തില്‍ ജില്ലാ കലക്ടറാണ് പ്രഖ്യാപനം തയ്യാറാക്കിയിട്ടുള്ളത്. 19 (2) പ്രഖ്യാപനത്തിന് ശേഷം 30 ദിവസമാണ് ഭൂവുടമകള്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാനുള്ള കാലാവധി. തുടര്‍ന്ന് ലഭിക്കുന്ന അപ്പീലുകള്‍ കേട്ടതിനു ശേഷം അവാര്‍ഡ് നടപടികള്‍ ആരംഭിക്കും. ജനുവരി അവസാനത്തോടുകൂടി ഏറ്റെടുക്കുന്ന സ്ഥലം റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന് കൈമാറും.
അകത്തേത്തറ -നടക്കാവ് മേല്‍പ്പാലം
അകത്തേത്തറ നടക്കാവ് മേല്‍പ്പാലത്തിനായി 2017-18 ബജറ്റില്‍ ഉള്‍പ്പെടുത്തി 36 കോടിയാണ് കിഫ്ബിയില്‍ നിന്നും നീക്കി വെച്ചിട്ടുള്ളത്. 35 ഓളം സ്ഥലം ഉടമകളില്‍ നിന്നായി ഒരേക്കര്‍ ഏഴ് സെന്റ് ഭൂമിയാണ് മേല്‍പ്പാലത്തിനായി ഏറ്റെടുക്കുന്നത്. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍ .എ.യുമായ വി.എസ് അച്യുതാനന്ദന്റെ നിര്‍ദ്ദേശപ്രകാരം സ്ഥലമുടമകള്‍ക്ക് പരമാവധി നഷ്ടപരിഹാരത്തുക നല്‍കാന്‍ വിലനിര്‍ണയ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രത്യേക പാക്കേജ് പ്രകാരമാണ് നഷ്ടപരിഹാരം നല്‍കുന്നത്. അഞ്ചു കോടിയോളം രൂപയാണ് നഷ്ടപരിഹാരത്തുകയായി ചെലവഴിക്കേണ്ടത്. പാലക്കാട് 2, അകത്തേത്തറ വില്ലേജുകളില്‍ നിന്നായി 42 സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്. കല്ലേക്കുളങ്ങര മുതല്‍ ആണ്ടിമഠം വരെയുള്ള റെയില്‍ പാതയ്ക്ക് കുറുകെ രണ്ടുവരി പാതയായി 10.90 മീറ്റര്‍ വീതിയിലും 690 മീറ്റര്‍ നീളത്തിലുമാണ് മേല്‍പ്പാലം നിര്‍മ്മിക്കുക. ഇരുവശത്തും ഒരു മീറ്റര്‍ വീതിയുള്ള നടപ്പാത ഒഴിവാക്കി 7.5 മീറ്റര്‍ വീതിയിലായിരിക്കും ഗതാഗതം. പത്തു വ്യക്തികള്‍ മേല്‍പ്പാല നിര്‍മാണ ചുമതലയുള്ള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ പേരില്‍ സ്വന്തം സ്ഥലം രജിസ്റ്റര്‍ ചെയ്തു നല്‍കിയിട്ടുണ്ട്.