പാലക്കാട്:മൂലത്തറ റെഗുലേറ്ററില്‍ നിന്നും ചിറ്റൂര്‍ പുഴയുടെ പദ്ധതി പ്രദേശത്തേക്കുള്ള ഇടതുകര കനാല്‍ ഇന്ന് (നവംബര്‍ 9) തുറക്കും. കുന്നങ്കാട്ടുപതി, തേമ്പാര്‍മട എന്നീ പ്രദേശങ്ങളിലേക്ക് നവംബര്‍ 10 ന് റെഗുലേറ്റര്‍ തുറന്ന് നൽകുമെന്ന് ചിറ്റൂര്‍ ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഷീന്‍ചന്ദ് അറിയിച്ചു. ചിറ്റൂര്‍, വാളയാര്‍, ഗായത്രി ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേര്‍ന്ന ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. 16940 ഹെക്ടര്‍ പ്രദേശത്തേക്കുള്ള കൃഷിക്കാണ് ചിറ്റൂര്‍ പുഴയില്‍ നിന്ന് വെള്ളം ഉപയോഗിക്കുക. നവംബര്‍ 28 വരെ ചിറ്റൂര്‍ പുഴയുടെ പദ്ധതി പ്രദേശത്ത് വെള്ളം ലഭിക്കും.
മീങ്കര, ചുള്ളിയാര്‍, വാളയാര്‍ ഡാമുകള്‍ തുറക്കുന്നതു സംബന്ധിച്ച് നവംബര്‍ 20 ന് പ്രാദേശിക തലത്തില്‍ യോഗം ചേരും. നവംബര്‍ 15 ന് ഡാമുകള്‍ തുറക്കാനായിരുന്നു തീരുമാനമെങ്കിലും ജില്ലയിൽ മഴ ലഭിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഡാമുകള്‍ തുറക്കുന്നത് മാറ്റിവെച്ചതെന്ന് അധികൃതർ അറിയിച്ചു. ഇത്തവണ ശക്തമായ മഴ ലഭിച്ചതിനാല്‍ ഡാമുകള്‍ ആവശ്യത്തിനുള്ള വെള്ളമുള്ളതായി ജലസേചന വിഭാഗം അധികൃതര്‍ അറിയിച്ചു. ജലസേചന കനാലുകളില്‍ അടിഞ്ഞു കൂടിയിട്ടുള്ള മണല്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നതായും ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ അനില്‍കുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജോയിന്റ് വാട്ടര്‍ റെഗുലേറ്ററി ബോര്‍ഡ് എക്‌സി. എന്‍ജിനീയര്‍ ടി.സുധീര്‍, അസി. എക്‌സി. എന്‍ജിനീയര്‍ ബിജു, പ്രൊജക്ട് അഡൈ്വസറി കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.