കൊടുവായൂര്‍:പഠിക്കാനുള്ള അതിയായ ആഗ്രഹത്താലാണ് തങ്കമ്മയെന്ന 77 കാരി തുല്യത പഠനത്തിനെത്തിയത്. എന്നാല്‍ ഇവര്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ‘മിടുക്കി ‘യാണെന്ന് അടിവരയിടുന്നതാണ് പങ്കെടുത്ത മത്സരങ്ങളിലെല്ലാമുള്ള അവരുടെ മികവ്. സ്റ്റേജിതര മത്സരങ്ങളായ കഥപറയല്‍, വായന എന്നിവയില്‍ തങ്കമ്മ ഒന്നാം സ്ഥാനവും നാടന്‍പാട്ട് മത്സരത്തില്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. മത്സരത്തില്‍ ബുദ്ധ സന്യാസിയുടെയും ചണ്ഡാല ഭിക്ഷുകിയുടെയും കഥപറഞ്ഞ തങ്കമ്മ പുരാണങ്ങളിലും അഗ്രഗണ്യയാണ്. വടവന്നൂര്‍ ആലങ്കോടി പൊക്കുന്നി സ്വദേശിയായ തങ്കമ്മയ്ക്ക് കുടുംബ പ്രാരാബ്ധത്താല്‍ മൂന്നാം ക്ലാസ്സില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. നല്ലപ്രായത്തില്‍ തന്നെ വിധവയാകേണ്ടി വന്ന തങ്കമ്മയ്ക്ക് കുടുംബ പ്രാരാബ്ധങ്ങളുടെ കെട്ട് പിന്നെയും ഇറക്കി വെയ്ക്കാനായില്ല. മക്കള്‍ക്കൊന്നും ആഗ്രഹിച്ച പോലെ വിദ്യാഭ്യാസം നല്‍കാനായില്ലെന്ന് തങ്കമ്മ പറഞ്ഞു. നാല് മക്കളാണ് രാമകൃഷ്ണന്‍ – തങ്കമ്മ ദമ്പതികള്‍ക്ക്. നെല്‍കൃഷിയാണ് ഉപജീവന മാര്‍ഗം. വടവന്നൂര്‍ പഞ്ചായത്തിലെ സി.ഇ.സിയ്ക്ക് കീഴില്‍ നാലാം തരം പഠിതാവാണ് തങ്കമ്മ ഇപ്പോള്‍. പത്താംതരം വരെയെങ്കിലും പഠിക്കണം. നാട്ടിലെ കാര്യങ്ങളൊക്കെ മനസ്സിലാക്കണം. ഇതിനായി മുടങ്ങാതെ പത്രവും വായിക്കാറുണ്ട് തങ്കമ്മ. ആരോഗ്യം അനുവദിച്ചാല്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേയ്ക്ക് പോകാനും തങ്കമ്മ ഒരുക്കമാണ്.കലോത്സവ വേദിയില്‍ പ്രേരക് ആയി പ്രവര്‍ത്തിച്ച അനുഭവം പങ്കുവെച്ചാണ് രമ്യ ഹരിദാസ് എം.പി. ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിച്ചത്. ദേശീയ സാക്ഷരതാ മിഷന്റെ ഭാഗമായി നിലമ്പൂര്‍ പഞ്ചായത്തില്‍ നടപ്പിലാക്കിയ ‘ജ്യോതിര്‍ഗമയ’ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ പൂര്‍ണച്ചുമതല അന്ന് നെഹ്‌റു യുവകേന്ദ്രയില്‍ യുവസാഥ്വിയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന രമ്യയ്ക്കായിരുന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പ്രേരകായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.പി. എന്ന നിലയിലും സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് അവര്‍ പറഞ്ഞു