മണ്ണാര്‍ക്കാട്:അന്ധതയെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് മത്സരിച്ച മൂന്ന് വ്യക്തിഗത ഇനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ സ്മാരക അന്ധവിദ്യാലയ ത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കെ മുഹമ്മദ് അഫ്‌ലഹ് സംസ്ഥാ ന സെപ്ഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലെ താരമായി. ഗ്രൂപ്പിനങ്ങളി ലെ രണ്ട് എ ഗ്രേഡിലും ഈ മിടുക്കന്റെ പേരുണ്ട്. കാഴ്ചപരിമിതി യുള്ളവരുടെ വിഭാഗത്തില്‍ മാപ്പിളപ്പാട്ട്,കഥാപ്രസംഗം,ഉപകരണ സംഗീതം എന്നീയിനങ്ങളിലാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. സംഘഗാനം,ദേശഭക്തിഗാനം എന്നിവയില്‍ എ ഗ്രേഡും നേടി. പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിലും പരിശീലനം നല്‍കുന്നതിലും മാതാപിതാക്കളും അധ്യാപകരും പുലര്‍ത്തുന്ന അതീവ ജാഗ്രതയും പരിഗണനയുമാണ് ജന്മനാ കാഴ്ചയില്ലാത്ത അഫ്‌ലഹിന് തുണയാകുന്നത്.കാഴ്ചാപരമായി വെല്ലുവിളികള്‍ നേരിടുന്ന റജീന, സുരേഷ്,ജോസി ജോണ്‍ എന്നീ അധ്യാപകരാണ് കലാമത്സരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്. ഹൈദരാബാദില്‍ നടന്ന അന്ധവിദ്യാര്‍ത്ഥികള്‍ ക്കായുള്ള ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് കായിക രംഗത്തും മികവു പ്രകടിപ്പിച്ച ഈ കൊച്ചു മിടുക്കന്‍ തൃശൂരില്‍ നടന്ന ചെസ് ചാമ്പ്യന്‍ഷിപ്പിലും ഉപജില്ലാതല ശാസ്‌ത്രോത്സവ ത്തില്‍ പ്രവൃത്തിപരിചയ മേളയിലും വിജയിയായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരനായ കൊമ്പത്ത് മുജീബ് റഹിമാന്റെയും ഫാത്തിമയുടെയും മകനാണ്.