പാലക്കാട്:സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 14ന് തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണി മുതല്‍ പാലക്കാട് നഗരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി ട്രാഫിക് എന്‍ഫോഴ്‌സ് മെന്റ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് കാസിം അറിയിച്ചു. കോഴി ക്കോട് മലപ്പുറം ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഒലവക്കോട് കാവില്‍പ്പാട് ബൈപാസ്,മേപ്പറമ്പ് വഴി വന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ പ്രവേശിച്ച് അത് വഴി തന്നെ തിരിച്ച് പോകണം. കോഴിക്കോട്,മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി, കോങ്ങാട് ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസുകള്‍ ഒലവക്കോട്, ശേഖരീപുരം മണലി ബൈപ്പാസ് വഴി സ്റ്റേഡിയം സ്റ്റാന്റില്‍ എത്തി അതുവഴി തിരിച്ച് പോകണം.ഒലവക്കോട് ഭാഗത്ത് നിന്നും വരുന്ന റെയില്‍വേ കോളനി,മലമ്പുഴ ബസുകള്‍ ശേഖരിപുരം മണലി ബൈപ്പാസ് വഴി സ്റ്റേഡിയം സ്റ്റാന്റില്‍ എത്തി സാധാരണ പോലെ തിരിച്ച് പോകണം. ചുണ്ണാമ്പുത്തറ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പാലത്തില്‍ കയറാതെ ഇടത് ഭാഗത്ത് കൂടി പ്രവേശിച്ച് ബിഒസി റോഡ് വഴി ടൗണ്‍സ്റ്റാന്റ് മിഷന്‍ സ്‌കൂള്‍ വഴി പോകണം. സ്‌റ്റേഡിയം ബസ് സ്റ്റാന്റ് ജംഗ്ഷന്‍ നിന്നും,അഞ്ച് വിളക്ക് ജംഗ്ഷന്‍ നിന്നും,ജി.ബി.റോഡില്‍ നിന്നും താരേക്കാട് ജംഗ്ഷനില്‍ നിന്നുമുള്ള വാഹനങ്ങളെ സുല്‍ത്താന്‍പേട്ട സിഗ്നല്‍ ഭാഗത്തേക്കും കോട്ടമൈതാനം ഭാഗത്തേക്കും കടത്തി വിടുന്നതായിരിക്കില്ല. പാലക്കാട് വിക്ടോറിയ കോളേജ് മുതല്‍ കോട്ടമൈതാനം വരെയുള്ള ഭാഗത്തേക്ക് പ്രകടനം കടന്ന് പോകുന്നത് വരെ മറ്റ് വാഹനങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.