മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നഗരം നിരീക്ഷണകാമറകളുടെ സുരക്ഷാകാവലിലായി. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 65ലക്ഷം രൂപ ചെലവില്‍ നഗരസഭ സ്ഥാപിച്ച കാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെ നഗരത്തില്‍ നാല് എ.എന്‍.പി.ആര്‍ കാമറകള്‍ ഉള്‍പ്പടെ 46 കാമറകളാ ണ് സ്ഥാപിച്ചിട്ടുള്ളത്. നഗരസുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് നഗരസഭ ഇങ്ങനെ യൊരു പദ്ധതി നടപ്പിലാക്കിയത്. ഓരോ പോക്കറ്റ് റോഡുകളില്‍ നിന്നും നഗരത്തിലേക്ക് പ്രവേശിക്കുന്നതും തിരിച്ചുപോകുന്നതും ഉള്‍പ്പടെ റെക്കോര്‍ഡ് ചെയ്യപ്പെടും. ദൃശ്യങ്ങള്‍ തത്സമയം നഗരസഭയ്ക്കും പൊലിസ് സ്റ്റേഷനിലും ലഭ്യമാകും. സാങ്കേതിക വിദ്യയുടെ കാവലിലേക്ക് നഗരസഭയെ കൊണ്ടുവരികയും ദീര്‍ഘവീക്ഷണത്തോടെയുള്ള നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളെ എം.എല്‍.എ. അഭിനന്ദിച്ചു. പാലക്കാട് എ.എസ്.പി. ഹരിദാസ് മുഖ്യാതിഥിയായിരുന്നു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍, നഗരസഭാ സ്ഥിരം സിതി അധ്യക്ഷരായ കെ.ബാലകൃഷ്ണന്‍, മാസിത സത്താര്‍, ഷെഫീക്ക് റഹ്മാന്‍, സെക്രട്ടറി എം. സതീഷ്‌കുമാര്‍, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
