അഫ്ഗാനിസ്ഥാന്‍ വണ്ടര്‍ സ്പിന്നര്‍ റാഷിദ് ഖാന് തുടര്‍ച്ചയായ രണ്ടാംദിനത്തിലും റിക്കാര്‍ഡ്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ടീമിനെ നയിച്ചതോടെ പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റിക്കാര്‍ഡ് താരം ഇന്നലെ സ്വന്തമാക്കിയിരുന്നു. ഇന്ന് ബാറ്റിംഗിലാണ് താരത്തിന്റെ നേട്ടം. ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റിക്കാര്‍ഡാണ് റാഷിദ് നേടിയത്. ബംഗ്ലാദേശിനെതിരേ 61 പന്തില്‍ 51 റണ്‍സാണ് താരം നേടിയത്.
പതിനഞ്ച് വര്‍ഷം മുമ്ബ് സിംബാബ്‌ബെ താരം തദേന്താ തൈബു സ്വന്തമാക്കിയ റിക്കാര്‍ഡാണ് ആദ്യദിനം റാഷിദ് ഖാന് വഴിമാറിയത്. തതേന്ദ തൈബു 2004ല്‍ ആണ് ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി അരങ്ങേറിയത്. 20 വയസും 358 ദിവസവും പ്രായമുള്ളപ്പോഴാണ് തൈബുവിന്റെ അരങ്ങേറ്റം. റാഷിദ് ഖാന്റെ പ്രായം 20 വയസും 350 ദിവസവുമാണ്.
അതേസമയം ടെസ്റ്റില്‍ ആദ്യം ബാറ്റുചെയ്ത അഫ്ഗാന്‍ 342 റണ്‍സിന് പുറത്തായി. റഹ്മത്ത് ഷായുടെ (102) സെഞ്ചുറിക്കൊപ്പം അസ്ഗര്‍ അഫ്ഗാന്റെ തകര്‍പ്പന്‍ ബാറ്റിംഗും അവര്‍ക്ക് രക്ഷയായി. അസ്ഗര്‍ 92 റണ്‍സെടുത്ത് തൈജുല്‍ ഇസ്ലാമിന്റെ മുന്നില്‍ കീഴടങ്ങി. തൈജുല്‍ ബംഗ്ലാദേശിനായി നാലുവിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്ബോള്‍ ഒരുവിക്കറ്റിന് ഒരു റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ്.