ചിറ്റൂര്‍:കുഷ്ഠരോഗം മാരകരോഗമല്ലെന്നും ചികിത്സിച്ച് ഭേദമാക്കാനാവുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് കുഷ്ഠരോഗ നിര്‍ണയ പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി. റീത്ത പറഞ്ഞു. ഏറ്റവും കൂടുതല്‍ കുഷ്ഠരോഗ ബാധിതരായ കുട്ടികളുള്ളത് പാലക്കാട് ജില്ലയിലാണ്. മൂന്നര മുതല്‍ 17 വയസ്സ് വരെയുള്ള 34 കുട്ടികളെയാണ് രോഗലക്ഷണങ്ങളോടെ ജില്ലയില്‍ കണ്ടെത്തിയത്. കുട്ടികളില്‍ രോഗനിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി അങ്കണവാടി മുതല്‍ പ്ലസ്ടു തലം വരെയുള്ള എല്ലാ കുട്ടികളെയും ത്വക്ക്രോഗ പരിശോധനയ്ക്ക് വിധേയമാക്കും. അടുത്ത വര്‍ഷം ജനുവരിയോടെ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിപ്പെടുന്ന രോഗികള്‍ ചികിത്സ കഴിഞ്ഞാലും അഞ്ച് വര്‍ഷത്തോളം ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരിക്കുമെന്നും കുഷ്ഠരോഗം മൂലം അംഗവൈകല്യം ബാധിച്ചവര്‍ക്ക് വൈകല്യം മാറ്റി വീണ്ടെടുപ്പിനുള്ള സര്‍ജറി നിലവിലുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.
എന്താണ് കുഷ്ഠരോഗം?
മൈക്കോ ബാക്ടീരിയം ലെപ്രെ എന്ന ബാക്ടീരിയ കാരണം ഉണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് കുഷ്ഠരോഗം. പ്രധാനമായും നാഡികളെയും തൊലിയേയും ബാധിക്കുന്ന രോഗം പകരുന്നത് വായുവിലൂടെയാണ്. 95 ശതമാനം ആളുകള്‍ക്കും രോഗം പകരില്ല. ഏത് അവസ്ഥയിലും രോഗം ചികിത്സിച്ചാല്‍ പൂര്‍ണമായും മാറും. രോഗാരംഭത്തിലുള്ള ചികിത്സ അംഗവൈകല്യം ഒഴിവാക്കും.
രോഗലക്ഷണങ്ങള്‍
- ശരീരത്തില്‍ നിറം മങ്ങിയതോ ചുവപ്പ് കലര്‍ന്നതോ ചെമ്പ് നിറത്തിലോ എണ്ണമയമുള്ളതോ തിളക്കമുള്ളതോ ആയ പാടുകള്‍
- സ്പര്‍ശനശേഷി നഷ്ടപ്പെടാത്ത മൃദുവും തിളക്കമാര്‍ന്നതുമായ തടിപ്പുകള്‍
- പാടുകളില്‍ ചൊറിച്ചില്‍, വേദന എന്നിവ ഉണ്ടായിരിക്കില്ല. രോമവളര്‍ച്ചയും വിയര്‍പ്പും കുറവായിരിക്കും
- ചെവി, മറ്റ് ശരീരഭാഗങ്ങളിലെ ചെറു മുഴകള്‍
- കൈകാല്‍ തരിപ്പ്, മരവിപ്പ്, ഞരമ്പുകളില്‍ തടിപ്പ്, വേദന.