മുതലമട:കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടിയായ അശ്വമേധം 2019 ന് ജില്ലയില്‍ തുടക്കമായി. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ ആറ് വരെ സംസ്ഥാനത്ത് പാലക്കാട,് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ‘അശ്വമേധം’ കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടി നടക്കുന്നത്.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 മുതല്‍ രണ്ടാഴ്ചകാലം നടത്തിയ ആദ്യഘട്ട അശ്വമേധം പരിപാടിയില്‍ ജില്ലയില്‍ മാത്രം 65 പുതിയ കേസുകള്‍ കണ്ടെത്തി ചികിത്സ നടത്തുന്നുണ്ട്. നിലവില്‍ ജില്ലയില്‍ 154 രോഗ ബാധിതരാണ് ചികിത്സയിലുള്ളത്. കുഷ്ഠരോഗ നിര്‍മ്മാര്‍ജന രംഗത്ത് നിര്‍ദിഷ്ട ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സമഗ്രമായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു പുരുഷ വോളന്റിയറും ഒരു ആശാ/വനിതാ വോളന്റിയറും ഉള്‍പ്പെടുന്നതാണ് അശ്വമേധം ടീം. ഈ സംഘം 14 ദിവസം അധികൃതര്‍ നിര്‍ദേശിച്ച പ്രദേശത്തെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് കുഷ്ഠരോഗത്തെ കുറിച്ച് ബോധവത്ക്കരണം നടത്തുകയും സംശയമുള്ളവരെ കൂടുതല്‍ പരിശോധനയ്ക്കായി സൂപ്പര്‍വൈസര്‍ മുഖാന്തിരം പി.എച്ച്.സി/സി.എച്ച്.സികളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.പരിശോധനയില്‍ കണ്ടെത്തുന്ന രോഗികളെ ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പിന്റെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളില്‍ അശ്വമേധം കോര്‍ണറുകള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.തദ്ദേശസ്വയംഭരണം, റവന്യൂ, സാമൂഹികനീതി, വിദ്യാഭ്യാസം, വനിതാശിശുക്ഷേമ വകുപ്പ്, തൊഴില്‍, ട്രൈബല്‍ എന്നീ വകുപ്പുകളുടെ സഹായത്തോടെ ഐ.എം.എ., ഐ.എ.ഡി.വി.എല്‍, നെഹ്റു യുവകേന്ദ്ര, ആശ – അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ആരോഗ്യവകുപ്പ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.മുതലമട പോത്തമ്പാടം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും പൊതുസമ്മേളനവും കെ.ബാബു എം. എല്‍.എ നിര്‍വഹിച്ചു. ആരോഗ്യരംഗത്ത് പ്രൈമറി തലം മുതല്‍ സര്‍ക്കാര്‍ മികവുറ്റ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് എം.എല്‍.എ പറഞ്ഞു. കനത്ത മഴയുണ്ടായിട്ടും ജില്ലയില്‍ പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയാനായത് ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. അശ്വമേധം ക്യാമ്പയിനിന്റെ ഭാഗമായി വി.കെ.ഷാജിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഗാനത്തിന്റെ സി.ഡി ജില്ലാ പഞ്ചായത്ത് അംഗം കെ.സന്തോഷ് കുമാറിന് കൈമാറി കെ.ബാബു എം.എല്‍.എ പ്രകാശനം ചെയ്തു.പരിപാടിയില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.സന്തോഷ് കുമാര്‍ വിശിഷ്ടാതിഥിയായി. മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, വൈസ് പ്രസിഡന്റ് എം.രാധാകൃഷ്ണന്‍, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, മെമ്പര്‍മാര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ടി.എന്‍. അനൂപ് കുമാര്‍, കെ.ആര്‍.ശെല്‍വരാജ്, ടി.കെ.ജയന്തി, കെ.എ.നാസര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ രചന ചിദംബരം, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.