തിരുവനന്തപുരം:ഖാദര്‍ കമ്മിറ്റി ശുപാര്‍ശ അനുസരിച്ച്‌ ഒന്നുമുതല്‍ 12 വരെ ക്ലാസുകള്‍ ഏകീകരിക്കുന്നതിനു നിയമപ്രാബല്യം നല്‍കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. ഇക്കാര്യം ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ ഭാഗികമായി ഉള്‍പ്പെടുത്തിയാണ് 1958-ലെ കേരള വിദ്യാഭ്യാസനിയമം ഭേദഗതി ചെയ്യുന്നത്.

നിലവിലുള്ള വിദ്യാഭ്യാസനിയമത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ഡി.പി.ഐ. എന്നും പൊതു വിദ്യാഭ്യാസവകുപ്പിനെ വിദ്യാഭ്യാസവകുപ്പെന്നും സ്കൂള്‍ മേധാവിയെ ഹെഡ്മാസ്റ്റര്‍ എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഏകീകരണത്തിനെതിരേ കോടതിയിലുള്ള കേസുകളില്‍ ഇതു പ്രശ്‌നമാകുമെന്നതിനാലാണു സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. ഇതിനായി ഈ നിയമത്തിലെ 4, 9, 17, 22, 34 വകുപ്പുകള്‍ ഭേദഗതിചെയ്യും. വിദ്യാഭ്യാസവകുപ്പെന്നു പറയുന്നിടത്തെല്ലാം പൊതുവിദ്യാഭ്യാസവകുപ്പ് എന്നു മാറ്റും.

പൊതുവിദ്യാഭ്യാസ, ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിന്റെ ഭാഗമായി ഒന്നുമുതല്‍ 12 വരെ ക്ലാസുകള്‍ ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യുക്കേഷന്റെ (ഡി.ജി.ഇ.) കീഴിലാക്കിയിരുന്നു. ഡി.പി.ഐ., ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍, വി.എച്ച്‌.എസ്.ഇ. ഡയറക്ടര്‍ എന്നിവര്‍ക്കുപകരമാണ് ഡി.ജി.ഇ.യെ നിയമിച്ചത്. ഡി.ജി.ഇ. പദവിക്ക് ഓര്‍ഡിനന്‍സിലൂടെ നിയമപ്രാബല്യം നല്‍കും. എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി, വി.എച്ച്‌.എസ്.ഇ. പരീക്ഷകളുടെ കമ്മിഷണര്‍ ഡി.ജി.ഇ. ആയിരിക്കുമെന്നു നേരത്തേ തീരുമാനിച്ചിട്ടുണ്ടെങ്കിലും നിയമഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാരെ വൈസ് പ്രിന്‍സിപ്പലെന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. മറ്റു സ്കൂളുകളില്‍ ഇവര്‍ ഹെഡ്മാസ്റ്റര്‍മാര്‍ ആയിരിക്കും. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സ്കൂള്‍ മേധാവിയും ഹെഡ്മാസ്റ്റര്‍ വൈസ് പ്രിന്‍സിപ്പലുമാകുമെന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ (കെ.ഇ.ആര്‍.) വിദ്യാഭ്യാസവകുപ്പു കഴിഞ്ഞ ജൂലായില്‍ ഭേദഗതി ചെയ്തിരുന്നു. വിദ്യാഭ്യാസനിയമം ഭേദഗതിചെയ്യാതെ കെ.ഇ.ആര്‍. ഭേദഗതി കൊണ്ടുവന്നാല്‍ നിയമപ്രാബല്യമുണ്ടാവില്ലെന്നു സര്‍ക്കാരിനു നിയമോപദേശം കിട്ടിയതിനാലാണ് ഓര്‍ഡിനന്‍സ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!