കല്പറ്റ:സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ അമ്മക്കളരിയെന്ന പേരില്‍ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. ഒന്നുമുതല്‍ പത്തു വരെയുള്ള കുട്ടികളില്‍ മലയാള അക്ഷരം ഉറക്കാത്തവര്‍, അടിസ്ഥാന ഗണിതം അറിയാത്തവര്‍ എന്നിവര്‍ക്കായാണ് പ്രത്യേക പരിശീലന പരിപാടിയായ അമ്മക്കളരി.
ഓരോ സ്കൂളിലേയും അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തിയ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ച അമ്മമാരാണ് ഒഴിവ് ദിവസങ്ങളില്‍ ക്ലാസെടുക്കുന്നത്. പഠനം രസകരമാക്കി കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ച് പഠനത്തില്‍ താത്പര്യമുള്ളവരാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തുടക്കത്തില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേയും ഓരോ സ്കൂളുകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. പിന്നീട് മുഴുവന്‍ സ്കൂളുകളിലേക്കും വ്യാപിപ്പിക്കണമെന്നാണ് ജില്ലാ മിഷന്‍ ഉദ്ദേശിക്കുന്നത്. അമ്മക്കളരിയുടെ ആദ്യക്ലാസ്ശനിയാഴ്ച തെരഞ്ഞടുക്കപ്പെട്ട സ്കൂളുകളില്‍ നടക്കും.
തിരഞ്ഞെടുത്ത അമ്മമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. പരിശീലനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇബ്രാഹിം തോണിക്കര ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. സാജിത അധ്യക്ഷത വഹിച്ചു. കെ.എ. ഹാരിസ്, കെ.ടി. മുരളി, വി.പി. അശോകന്‍, കെ.വി. സജേഷ്, കെ.ജെ. ബിജോയ് തുടങ്ങിയവര്‍ സംസാരിച്ചു.