കുത്തന്നൂര്‍: പൂനെ മിലിറ്ററി എഞ്ചിനീയറിംഗ് കോളേജില്‍ ബെയ്ലി പാലം നിര്‍മ്മാണ പരിശീലനത്തിനിടെ അപകടത്തില്‍ മരണമടഞ്ഞ കുത്തന്നൂര്‍ സ്വദേശി സജീവന്റെ കുടുംബത്തിനൊപ്പം സര്‍ക്കാരു ണ്ടാകുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ, പിന്നോക്കക്ഷേമ, നിയമ, സാംസ്‌കാരിക പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. സജീവന്റെ വസതിയിലെത്തി ബന്ധുക്കളെ ആശ്വസി പ്പിക്കുന്നതിനിടെയാണ് കുടുംബത്തെ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞത്. കുത്തന്നൂര്‍ കരടിയാന്‍പാറയിലെ സജീവന്റെ വീട്ടില്‍ എത്തിയ മന്ത്രി എ. കെ. ബാലന്‍ സജീവന്റെ അച്ഛന്‍ കണ്ണന്‍, അമ്മ ശകുന്തള, ഭാര്യ ശില്പ, എന്നിവരോട് സംസാരിച്ചു. കുത്തന്നൂര്‍ പഞ്ചായത്ത് അംഗങ്ങളായ ദിവ്യ സ്വാമിനാഥന്‍, സന്ധ്യ കണ്ണദാസ്, പ്രതാപന്‍, വിജയരാഘവന്‍ മാസ്റ്റര്‍, ജി. പ്രഭാകരന്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം സജീവന്റെ വസതിയില്‍ എത്തിയിരുന്നു.
ഡിസംബര്‍ 26 നാണ് പൂനെ മിലിട്ടറി എന്‍ജിനീയറിങ് കോളേജില്‍ പരിശീലനത്തിനിടെ അപകടത്തില്‍ സജീവന്‍ മരണപ്പെട്ടത്. ശനിയാഴ്ച നാട്ടിലെത്തിച്ച സജീവന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്. 10 ദിവസം മുമ്പാണ് ലീവ് കഴിഞ്ഞ് സജീവന്‍ ജോലി സ്ഥലത്തേക്ക് മടങ്ങിയത്. രണ്ടു മാസം പ്രായമായ ഒരു കുട്ടിയുമുണ്ട് സജീവന്.