്ശ്രീകൃഷ്ണപുരം:അക്കാദമിക് മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള യുവസമൂഹത്തെ വളര്‍ത്തിയെടുക്കുകയാണ് കോളേജ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക-പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിങ് കോളെജില്‍ നിര്‍മിക്കുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെയും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബ്ലോക്ക് കെട്ടിടത്തിന്റെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.ചരിത്രത്തെ വളച്ചൊടിക്കാനും വര്‍ഗീയവാദത്തെ വളര്‍ത്താനും ശ്രമിക്കുന്നവര്‍ക്കിടയില്‍ വിമര്‍ശനബുദ്ധിയോടെ വളരുന്ന യുവതലമുറയ്ക്കു മാത്രമേ രാജ്യത്തിന്റെ അഖണ്ഡതയും വൈവിധ്യവും പരമാധികാരവും കാത്തുസൂക്ഷിക്കാനാവൂ. കേവലം രാഷ്ട്രീയ പ്രചാരണത്തിന് അപ്പുറത്തേക്ക് സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് കോളെജ് ക്യാമ്പസ് യൂണിയനുകള്‍ വളര്‍ന്നുവരേണ്ടത് ആവശ്യമാണെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ ചുമതലയേറ്റതിനുശേഷം പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, എന്നീ രണ്ടു വകുപ്പുകളിലായി കൂടുതല്‍ ഫലപ്രദമായ പശ്ചാത്തല സൗകര്യവും അക്കാദമിക നിലവാരവും ഉറപ്പാക്കാന്‍ കഴിഞ്ഞു. പാഠപുസ്തകവും അധ്യാപകരും ഇല്ലാത്ത ക്ലാസ്മുറികള്‍ ഇപ്പോള്‍ സംസ്ഥാനത്തി ല്ലെന്നും കേരളത്തിലെ വിദ്യാഭ്യാസ നിലവാരം അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.അഞ്ച് നിലകളിലായി 2385.77 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ ത്തില്‍ നിര്‍മിക്കുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ 20 ക്വാര്‍ട്ടേഴ്സുകളാണ് ഉള്‍ക്കൊള്ളുക. ഓരോ നിലകളിലും നാല് വീതം ക്വാര്‍ട്ടേഴ്സുകളും ഓരോ ക്വാര്‍ട്ടേഴ്സിലും രണ്ട് ബെഡ്റൂം, ഡ്രോയിങ് റൂം, ഡൈനിംങ് റൂം, അടുക്കള, ടോയ്ലറ്റ്, വരാന്ത എന്നിവയും പൊതുവായ ഇടനാഴി കള്‍, ജെനറേറ്റര്‍ റൂം, സ്റ്റെയര്‍ റൂം, ലിഫ്റ്റ് സൗകര്യം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 5.25 കോടി രൂപയ്ക്കാണ് കൈറ്റ് എന്‍ജിനീയേഴ്സ് ആന്‍ഡ് ഡെവലപ്മെന്റ് കരാര്‍ എടുത്തിരിക്കുന്നത്. 24 മാസത്തിനുള്ളില്‍ കരാര്‍ പൂര്‍ത്തിയാക്കുമെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.ഇലക്ട്രിക്കല്‍ വിഭാഗം വിദ്യാര്‍ഥികളുടെ പഠനത്തിനുള്ള അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബ്ലോക്ക് നിര്‍മിക്കുന്നത്. 6.68 കോടി ചെലവില്‍ 4570 ചതുരശ്ര മീറ്ററില്‍ നിര്‍മിക്കുന്ന കെട്ടിടം 18 മാസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. മാളിയേക്കല്‍ കണ്‍സ്ട്രക്ഷന്‍സാണ് കരാറുകാര്‍. ഏഴ് ലാബുകള്‍, നാല് ക്ലാസ് മുറികള്‍, എട്ട് സ്റ്റാഫ് മുറികള്‍, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, സെമിനാര്‍ ഹാള്‍, വിശ്രമ മുറികള്‍, ഇടനാഴികള്‍, ശുചിമുറികള്‍, സ്റ്റെയര്‍ റൂം, ലിഫ്റ്റ് സൗകര്യം ഉള്‍പ്പെടെ പാര്‍ക്കിംഗ് ഏരിയ, ജെനറേറ്റര്‍ റൂം, സ്പോര്‍ട്സ് സ്റ്റോര്‍, ജെനറല്‍ സ്റ്റോര്‍ എന്നിവയും ഉള്‍പ്പെടുത്തിയാണ് നിര്‍മിക്കുന്നത്.ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിങ് കോളെജില്‍ നടന്ന ശിലാസ്ഥാപന പരിപാടിയില്‍ പി.ഉണ്ണി എം.എല്‍.എ അധ്യക്ഷനായി. കോളെജുമായി ബന്ധപ്പെട്ട വികസനപ്രവര്‍ത്തന ങ്ങള്‍ യാഥാര്‍ഥ്യമാക്കിയ എം.എല്‍.എയെ മന്ത്രി അഭിനന്ദിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു ശങ്കര്‍, ജില്ലാ പഞ്ചായത്ത് അംഗം എം.കെ ദേവി, പ്രിന്‍സിപ്പല്‍ ഡോ.രഘു രാജ്, കോളെജ് യൂണിയന്‍ ജോ.സെക്രട്ടറി ഇ.എസ്. അശ്വിനി തുടങ്ങിയവര്‍ സംസാരിച്ചു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വകുപ്പ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ഇലക്ട്രിക്കല്‍ ബ്ലോക്കിന്റെ മാതൃകയും പ്രദര്‍ശിപ്പിച്ചു.