ശ്രീകൃഷ്ണപുരം: പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങള്‍ക്കായി വീടുകള്‍, ക്ഷേമപെന്‍ഷനുകള്‍, നിയമനങ്ങള്‍, വിദ്യാഭ്യാസം എന്നിവ ഉറപ്പാ ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പട്ടികജാതി -പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കുന്ന സാമൂ ഹിക പഠനമുറികള്‍ ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു. ജില്ലാ പട്ടിക ജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാതല സെമി നാറും പൊതുസമ്മേളനവും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ 16 വരെ നടക്കുന്ന സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഇതിഹാസമാണ് മഹാത്മാഗാന്ധി. ചരിത്രം മറന്നും മറച്ചും വികസനം നടപ്പാക്കുന്നത് ശരിയായ കീഴ്വഴക്കമല്ല. ഗാന്ധിജി സന്ദര്‍ശിച്ച അകത്തേത്തറയിലെ ശബരി ആശ്രമം നവീകരിക്കുന്നത് ഈ തിരിച്ചറിവിന്റെ ഭാഗമായാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്താതിരിക്കാന്‍ പ്രത്യേക അജണ്ട മാധ്യമങ്ങള്‍ സ്വീകരിക്കുന്നത് മൂലം ജനങ്ങള്‍ക്ക് അര്‍ഹമായ അനുകൂല്യം ലഭിക്കാത്ത അവസ്ഥയുണ്ട്. ഇക്കാര്യത്തില്‍ പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ‘ഐക്യത്തിലൂടെ അതിജീവനം’ എന്ന വിഷയത്തിലാണ് സെമിനാര്‍ നടത്തിയത്. കൂടാതെ പക്ഷാചരണത്തോടനുബന്ധിച്ച് പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള കോളനികളുടെ ശുചീകരണം, വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണം കൂടാതെ പുതിയ പദ്ധതികള്‍ക്കും തുടക്കമിട്ടു. പ്രശസ്ത കലാകാര ന്മാരെ പൊന്നാടയണിയിച്ചും ട്രോഫി നല്‍കിയും പരിപാടിയില്‍ ആദരിച്ചു. വിവിധ മേഖലകളില്‍ പ്രശസ്തരായ കുഞ്ചു പരിയാനംമ്പറ്റ (പൊറാട്ട് നാടകം), മേലേപുരയ്ക്കല്‍ കുമാരന്‍ (ഭഗവതിപ്പാട്ട്), എ.പി.രാമചന്ദ്രന്‍ (ചെണ്ട), പങ്കജാക്ഷി (പുള്ളുവന്‍പാട്ട്), നാരായണന്‍ അരിയാനിക്കല്‍ (പൊറാട്ട് കളി), നരേന്‍ പുലാപ്പറ്റ (സാഹിത്യം), കെ.എന്‍.കുട്ടി കടമ്പഴിപ്പുറം (സാഹിത്യകാരന്‍), ചന്ദ്രന്‍ പൂവക്കോട് (വിഷവൈദ്യം), വി.സി കാര്‍ത്യായനി (അങ്കണവാടി പ്രവര്‍ത്തക) എന്നിവരെയാണ് ആദരിച്ചത്. പ്ലസ് ടു, ബിരുദം എന്നിവയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ആതിര, അനുഷ എന്നീ വിദ്യാര്‍ഥിക ളെയും അനുമോദിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പഠനമുറികളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് വള്ളുവനാടന്‍ തിറയാട്ട സംഘത്തിന്റെ അവതരണത്തോടെയാണ് മന്ത്രിയെ സ്വീകരിച്ചത്.പി. ഉണ്ണി എം.എല്‍.എ അധ്യക്ഷനായി. പരിപാടിയില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി അരവിന്ദാക്ഷന്‍, ചെര്‍പ്പുളശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീലജ വാഴക്കുന്നത്ത്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.വി.രവിരാജ്, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, പൂക്കോട്ടുകാവ്, കാരാകുറുശ്ശി, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, സ്ഥിരം സമിതിയംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.