കോട്ടോപ്പാടം: രാഷ്ട്രപതിയുമായി സംവദിക്കാനും ഡല്‍ഹിയില്‍ നടക്കുന്ന എക്‌സ്‌പ്ലോറിംഗ് ഇന്ത്യ ദേശീയ ക്യാമ്പില്‍ പങ്കെടുക്കാനും അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വി.പി.റഹീമഷിറിന്‍.സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ പഠന മേഖലകള്‍ കണ്ടെത്തുന്നതിനും വ്യക്തിത്വ വികസനത്തിനും നൂതന ജോലി സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനുമായി ആവിഷ്‌കരിച്ച പാസ് വേര്‍ഡ് പദ്ധതിയാണ് റഹീമയ്ക്ക് രാജ്യതലസ്ഥാനത്തിലേക്കുള്ള വഴിതുറന്നത്. വിവിധ ജില്ലകളിലായി സംഘടിപ്പിച്ച പാസ് വേര്‍ഡ് ട്യൂണിംഗ് ക്യാമ്പുകളില്‍ മികവു പ്രകടിപ്പിച്ചവര്‍ക്കായി നടത്തിയ ഫ്‌ളവറിംഗ് ക്യാമ്പില്‍ നിന്നാണ് റഹീമയടക്കം 120 പേരെ സംസ്ഥാനത്തു നിന്ന് ദേശീയതലത്തിലേക്ക് തെരഞ്ഞെടുത്തി രിക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന സപ്തദിന ക്യാമ്പിനിടെ രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചക്കും പാര്‍ലമെന്റ്,സുപ്രീംകോടതി,വിവിധ സര്‍വ്വകലാശാലകള്‍, ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള സുവര്‍ണാവസരമാണ് നിര്‍ധന കുടുംബാംഗമായ റഹീമ ഷിറിന് കൈവന്നിരിക്കുന്നത്. കച്ചേരിപറമ്പ് കാഞ്ഞിരംകുന്ന് പരേതനായ വി.പി.മുഹമ്മദ്കുട്ടി യുടെയും കെ.ബുഷ്‌റയുടെയും പുത്രിയാണ്.നവംബര്‍ 11 മുതല്‍ 18 വരെയാണ് ക്യാമ്പ്. ഡല്‍ഹിയിലേക്ക് ഫ്‌ലൈറ്റിലും തിരിച്ച് ട്രെയിനിലുമുള്ള യാത്രക്ക് ടിക്കറ്റുകള്‍ ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റാണ് ഏര്‍പ്പാടാക്കിയിട്ടുള്ളത്.റഹീമ ഷിറിനെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ഷെരീഫ് ഉപഹാരം സമ്മാനിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇല്യാസ് താളിയില്‍ അധ്യക്ഷനായി.പാലക്കാട് ന്യൂനപക്ഷ പരിശീലന കേന്ദ്രം മേധാവി ഡോ.കെ. വാസുദേവന്‍ പിള്ള, ജനപ്രതിനിധികളായ കെ.എന്‍.സുശീല,കല്ലടി അബൂബക്കര്‍, വി.പ്രീത,എന്‍.ആര്‍.ശ്രീവിദ്യ,ബിന്ദു കളപ്പാറ,എ.ഇ.ഒ ഒ.ജി.അനില്‍കുമാര്‍, ബി.പി.ഒ കെ. മുഹമ്മദലി,പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ഫൈസി, പ്രിന്‍സിപ്പാള്‍ പി. ജയശ്രീ,പ്രധാനാധ്യാപിക എ.രമണി, പാസ് വേര്‍ഡ് സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ എം.പി.സാദിഖ്, റഹീമ ഷിറിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.