പാലക്കാട്:പരമ്പരാഗതമായി ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവം/ നേര്‍ച്ച കമ്മറ്റിക്കാര്‍ അതത് മാസം അഞ്ചിനകം കലക്ടറേറ്റിലോ, ഒലവക്കോട് സോഷ്യല്‍ ഫോറസ്ട്രി ഓഫീസിലോ അനുമതിക്ക് അപേക്ഷിക്കണമെന്ന് നാട്ടാന പരിപാലന ചട്ടം ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. അപേക്ഷകളില്‍ കമ്മിറ്റി പരിശോധിച്ച് തീരുമാനം കൈക്കൊള്ളും.ആനകളുടെ ക്ഷേമവും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പു വരുത്താനുള്ള നാട്ടാന പരിപാലന ചട്ടം റൂള്‍ 10 പ്രകാരം രൂപീകരിച്ച ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ യോഗം ഉത്സവ സീസണ്‍ കഴിയുന്നതുവരെ എല്ലാ മാസവും അഞ്ചിനകം കലക്ടറേറ്റില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ആനകളെ ഉപയോഗിക്കുന്ന പുതിയ പരിപാടികള്‍ക്ക് അനുമതി നല്‍കുന്നതല്ല. ജില്ലാ കമ്മിറ്റി മുമ്പാകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആനകളെ മാത്രമേ എഴുന്നള്ളത്തിന് അനുവദിക്കുകയുള്ളൂ. അതില്‍ കൂടുതല്‍ ആനകളെ എഴുന്നെള്ളിച്ചാല്‍ നിയമ നടപടി സ്വീകരിക്കും. ചൂടുള്ള സമയം, പകല്‍ സമയങ്ങളിലും ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ല ഇക്കാര്യത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. മറ്റു ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആനകളെ പാലക്കാട് ജില്ലയിലേക്ക് കൊണ്ടുവരുന്നവര്‍ ആനയെ കൊണ്ടു വരുന്ന വിവരം രജിസ്റ്റര്‍ചെയ്ത ജില്ലയിലെ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്ററേ അറിയിക്കണം. അതോടൊപ്പം ഇതു സംബന്ധിച്ച തെളിവുകളും ഹാജരാക്കേണ്ടതാണ്. ആനകളെ കൊണ്ടു വരുന്നത് 15 ദിവസത്തില്‍ കൂടുതല്‍ ആണെങ്കില്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുടെ അനുമതിപത്രം കൈവശം ഉണ്ടായിരിക്കണം. 2012 നാട്ടാന പരിപാലന ചട്ടം പ്രകാരം രജിസ്റ്റര്‍ ചെയ്യാത്തതും മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി ഇല്ലാത്തതുമായ ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവ കമ്മിറ്റി ഭാരവാഹികള്‍, ആനയുടമകള്‍ എന്നിവര്‍ ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.