പാലക്കാട് : ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വകുപ്പിന് കീഴില്‍ ജില്ലയില്‍ നവീകരിച്ച മീറ്റര്‍ ടെസ്റ്റിങ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറിയുടെ ഉദ്ഘാടനവും വൈദ്യുതി സുരക്ഷാ സെമിനാറും നാളെ രാവിലെ 10 ന് പാലക്കാട് എലഗന്റ് പബ്ലിക് സ്‌കൂളിന് എതിര്‍വശ ത്തുള്ള മുഹമ്മദ് ബാഗ് ഇവന്റ് സെന്ററില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. ക്വാളിറ്റി കണ്‍ട്രോള്‍ പോസ്റ്റര്‍ വി.കെ ശ്രീകണ്ഠന്‍ എം.പി പ്രകാശനം ചെയ്യും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ ഡേഡ്സ് എറണാകുളം ബ്രാഞ്ച് ഓഫീസ് ജോയിന്റ് ഡയറക്ടര്‍ എസ്. റിനോ ജോണ്‍ ക്വാളിറ്റി കണ്‍ട്രോള്‍ ബോധവത്കരണ ക്ലാസ് നയിക്കും. പാലക്കാട് അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ പി. നൗഫല്‍ അനധികൃത വയറിങ്, ലൈസന്‍സിങ് ബോര്‍ഡ് ബോധവത്കരണ ക്ലാസെടുക്കും. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, കെ.എസ്.ഇ.ബി.എല്‍ സ്വതന്ത്ര ഡയറക്ടര്‍ വി. മുരുകദാസ്, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ പി. വിജയലക്ഷ്മി, കെ.എസ്.ഇ.ബി പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.കെ ബൈജു, പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ കെ.ടി സന്തോഷ്, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ജി. വിനോദ് എന്നിവര്‍ സംസാരിക്കും.
ഉദ്ഘാടനത്തിനൊരുങ്ങുന്നത് സംസ്ഥാനത്തെ ആദ്യ ടെസ്റ്റ് ബെഞ്ച്
ഒന്നിന് പകരം ഒട്ടേറെ മീറ്ററുകള്‍ ഒരേ സമയം പരിശോധിക്കാം
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് പാലക്കാട് ജില്ലാ ഓഫീസിനോടനുബന്ധിച്ച് 19 വര്‍ഷമായി പ്രവര്‍ത്തിച്ചുപോരുന്ന മീറ്റര്‍ ടെസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറിയാണ് അത്യാധുനിക പരിശോധന സംവിധാനങ്ങളോടെ നവീകരിച്ചത്. 0.02 ശതമാനം കൃത്യതയുള്ള ആധുനിക സ്മാര്‍ട്ട് മീറ്ററുകള്‍ പരിശോധിക്കാന്‍ കഴിയുന്ന സംസ്ഥാനത്തെ ആദ്യത്തെ ടെസ്റ്റ് ബെഞ്ചാണിത്. ഈ ടെസ്റ്റ്-ബെഞ്ച് ഉപയോഗിച്ച് എല്ലാത്തരം മീറ്ററുകളും ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിശോധിക്കാന്‍ കഴിയും. എനര്‍ജി മീറ്റര്‍ ടെസ്റ്റിങ്-സിംഗിള്‍ ഫേസ്, ത്രീ ഫേസ്, ടി.ഒ.ഡി മീറ്ററുകള്‍, റിലേ ടെസ്റ്റിങ്, സി.റ്റി ടെസ്റ്റിങ്, ഇന്‍സുലേഷന്‍ ടെസ്റ്റര്‍/എര്‍ത്ത് ടെസ്റ്റര്‍/ടോങ് ടെസ്റ്റര്‍/ മള്‍ട്ടി മീറ്റര്‍ ടെസ്റ്റിങ്, ഇലക്ട്രിക് ഫെന്‍സ് എനര്‍ജെയ്സര്‍ ടെസ്റ്റിങ് എന്നീ സേവനങ്ങളാണ് മീറ്റര്‍ ടെസ്റ്റിങ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ലാബില്‍ ഒരുക്കിയിരിക്കുന്നത്.നേരത്തെ ഈ ലബോറട്ടറിയില്‍ ഒരു സമയം ഒരു എനര്‍ജി മീറ്റര്‍ മാത്രമേ പരിശോധിക്കാന്‍ സാധിച്ചിരുന്നുള്ളൂ. താരതമ്യേന വിസ്തൃതി കൂടിയതും വ്യവസായശാലകള്‍ ധാരാളം ഉള്ളതുമായ ജില്ലയില്‍ എനര്‍ജി മീറ്റര്‍ പരിശോധിക്കാനുള്ള അപേക്ഷകരുടെ എണ്ണം കൂടുതലാണ്. അതിനാല്‍ തന്നെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ എനര്‍ജി മീറ്ററുകള്‍ പരിശോധിച്ചു കിട്ടുന്നതിന് ഉപഭോക്താക്കള്‍ക്ക് പലപ്പോഴും സമീപജില്ലകളെ ആശ്രയിക്കേണ്ടി വരാറുണ്ട്. ഇതിനൊരു പരിഹാരമായാണ് ഒരേ സമയം 10 എനര്‍ജി മീറ്ററുകള്‍ ഒരുമിച്ചു പരിശോധിക്കാന്‍ കഴിയുന്ന അത്യാധുനിക എനര്‍ജി മീറ്റര്‍ ടെസ്റ്റ്-ബെഞ്ച്, സര്‍ക്കാര്‍ ഈ ലാബില്‍ അനുവദിച്ചത്.
പുതിയ കണക്ഷനുകള്‍ക്കും എനര്‍ജി മീറ്ററുകള്‍ ഇടനിലക്കാരില്ലാതെ
ചുരുങ്ങിയ സമയത്തില്‍ പരിശോധിക്കാനും സമീപിക്കാം
പുതിയ കണക്ഷന്‍ ലഭിക്കുന്നതിനോ സോളാര്‍ പ്ലാന്റുകള്‍ക്കായോ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്കായോ ഉപഭോക്താക്കള്‍ സ്വയം വാങ്ങുന്ന എനര്‍ജി മീറ്ററുകള്‍ ഇടനിലക്കാരില്ലാതെ തന്നെ ഈ ലാബില്‍ നല്‍കി ചുരുങ്ങിയ സമയത്തിനുള്ളിലും താരതമ്യേന കുറഞ്ഞ ഫീസിലും പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാം. തുടര്‍ന്ന് കെ.എസ്.ഇ.ബിയില്‍നിന്നും എളുപ്പത്തില്‍ കണക്ഷന്‍ നേടാം. പാലക്കാട് ഹെഡ് പോസ്റ്റോഫീസിനടുത്ത് മേട്ടുപ്പാളയം സ്ട്രീറ്റില്‍ നൈനാന്‍സ് കോംപ്ലക്‌സിലാണ് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയവും അനുബന്ധ ലാബും സ്ഥിതി ചെയ്യുന്നത്. എനര്‍ജി മീറ്റര്‍ കൂടാതെ വൈദ്യുത വേലി ഊര്‍ജീകരിക്കാനുള്ള ഇലക്ട്രിക് ഫെന്‍സ് എനര്‍ജൈസര്‍ പരിശോധിക്കാനുള്ള ആധുനിക സംവിധാനങ്ങളും ഇവിടെ തയ്യാറായി വരുന്നുണ്ട്. കൂടാതെ മണ്ണിന്റെ വൈദ്യുതി പ്രതിരോധ മൂല്യം പരിശോധന, ആശുപ ത്രികള്‍, സിനിമ തിയേറ്ററുകള്‍, ബഹുനില കെട്ടിടങ്ങള്‍, ജനറേറ്റര്‍-സോളാര്‍ പ്ലാന്റു കള്‍, താത്ക്കാലിക വൈദ്യുതി പ്രതിഷ്ഠാപനങ്ങള്‍ എന്നിവയും പരിശോധിച്ച് ഊര്‍ജീ കരണാനുമതി നല്‍കുന്നു. വയറിങ് ചെയ്യാനുള്ള പെര്‍മിറ്റ്, കോണ്‍ട്രാക്ടര്‍ ലൈസന്‍സ്, സിനിമ ഓപ്പറേറ്റര്‍ ലൈസന്‍സ് തുടങ്ങിയവയും അനുവദിക്കുന്നത് ഈ ഓഫീസില്‍ നിന്നാണ്.