പാലക്കാട്:മുന്‍ സന്തോഷ് ട്രോഫി താരം പാലക്കാട് കൊട്ടേക്കാട് തെക്കോണി വീട്ടില്‍ ധനരാജന് (40) കായിക പ്രേമികളുടേയും നാട്ടു കാരുടേയും കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി.കളിക്കളത്തില്‍ കുഴഞ്ഞ് വീണ് മരിച്ച ധനരാജിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഇന്ന് വൈകീട്ട് ആറ് മണിയോടെ ചന്ദ്രനഗര്‍ വൈദ്യുതി ശ്മാശനത്തില്‍ സംസ്‌കരിച്ചു.ഇന്നലെയാണ് നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന കാദറലി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോളില്‍ പെരിന്തല്‍മണ്ണ എഫ്‌സിക്ക് വേണ്ടി കളിക്കുന്നതി നിടെ ധനരാജ് കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെ ങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് രണ്ടേകാലോ ടെയാണ് മൃതദേഹം കൊട്ടോക്കാടുള്ള വീട്ടിലെത്തിച്ചത്.നാല് മണി വരെ വീ്ട്ടിലും തുടര്‍ന്ന ധനരാജ് കളിച്ച് വളര്‍ന്ന മരുതറോഡ് പഞ്ചായത്ത് മൈതാനത്തും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. കായികലോകത്ത് നിന്നടക്കം ആയിരങ്ങളാണ് ധനരാജിനെ അവസാനമായി ഒരു നോക്ക് കാണാനായി വീട്ടിലും പഞ്ചായത്ത് മൈതാനത്തിലേക്കും എത്തിയത്. പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍,ഷാഫി പറമ്പില്‍ എംഎല്‍എ,കോച്ച് ചാത്തുണ്ണി, ഐഎസ്എല്‍ താരം സുഷാന്ത് മാത്യു, ദേശീയ അന്തര്‍ദേശീയ ഫുട്‌ബോള്‍ താരങ്ങള്‍, ഫുട്‌ബോള്‍ ലവേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍,സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി ഉള്‍പ്പടെ ആയിരങ്ങള്‍ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. കാല്‍പന്ത് കളി ജീവിതവ്രതമായി കൊണ്ട് നടന്ന താരമാണ് ധനരാജ്. മോഹന്‍ബഗാന്‍,മുഹമ്മദന്‍സ്,ഈസ്റ്റ് ബംഗാള്‍, തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ബംഗാളിനും കേരളത്തിനും വേണ്ടിയാണ് സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുള്ളത്.സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി കാത്തിരിക്കുകയായിരുന്നു ധന്‍രാജ്.