മണ്ണാര്‍ക്കാട്:ഇരുപത്തിയഞ്ച് ദിവസത്തെ ത്യാഗപൂര്‍ണമായ നോമ്പി നും പ്രാര്‍ഥനകള്‍ക്കും മംഗളകരമായ സമാപ്തി കുറിച്ച് ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇന്ന് രാത്രി തിരുപ്പിറവിയുടെ ആഘോഷം. മിന്നിത്തെളിയുന്ന നക്ഷത്രവിളക്കുകളും പുല്‍ക്കൂടുകളും കരോള്‍ സംഘങ്ങളുമായി നാടും നഗരവും ക്രിസ്മസ് തിരക്കില്‍. ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് ഇന്ന് അര്‍ധരാത്രിക്ക് മുമ്പേ ക്രൈസ്തവ ദേവാലയങ്ങളില്‍ തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് തുടക്കമാകും.മിക്ക ദേവാലയങ്ങളിലും തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം കേക്ക് മുറിച്ച് വിതരണം ചെയ്യും.ദേവാലയങ്ങളിലും ഭവനങ്ങളിലും സ്ഥാപനങ്ങളിലും പ്രധാന കവലകളിലുമെല്ലാം ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന പുല്‍ക്കുടുകള്‍ ദിവസങ്ങള്‍ക്ക് മുന്നേ ഒരുങ്ങിയിരുന്നു. വര്‍ണ തോരണങ്ങളും നിറപ്പകിട്ടേകുന്ന ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും വൈദ്യുതി ദീപാലങ്കാരങ്ങളും വഴിയോരങ്ങളിലെ വിസ്മയ കാഴ്ചയായി.വെള്ളത്തൊങ്ങലുള്ള ചുവന്ന വേഷങ്ങളണിഞ്ഞ് വെണ്‍മഞ്ഞ് പോലുളള താടിയുമായി വൃശ്ചികകുളിരിലൂടെ സാന്താക്ലോസുമാര്‍ കരോള്‍ ഗാനങ്ങളുമായി വന്നെത്തി.വിശ്വാസ ദീപ്തിയില്‍ മണ്ണിലും വിണ്ണിലും നക്ഷത്ര വെളിച്ചം നിറച്ച് വിശ്വാസികള്‍ പുണ്യരാവിനെ എതിരേല്‍ക്കാനൊരുങ്ങി.