പറളി: ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ എയ്ഡഡ് എന്നോ സര്‍ക്കാര്‍ സ്‌കൂള്‍ എന്നോ വേര്‍തിരിവില്ലാതെ സ്‌കൂളുകള്‍ക്ക് തുല്യ പരിഗണ നയാണുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് പറഞ്ഞു. പറളി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ ഓരോ മണ്ഡലത്തിലും 40 കോടിരൂപ ചിലവിട്ടുകഴിഞ്ഞു. വയനാട് സര്‍വജന സ്‌കൂളില്‍ ഉണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. സ്‌കൂളിന്റെ ഓരോ ഇഞ്ചും പിടിഎ യും അധ്യാപകരും ശ്രദ്ധിക്കണം. പൊതുവിദ്യാ ഭ്യാസ സംരക്ഷണത്തിന് ജനകീയ പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അക്കാദമിക മികവ് കൈവരിക്കുമ്പോഴാണ് ഒരോ സ്‌കൂളും ജനങ്ങളുടെ ഓര്‍മ്മയില്‍ നിറയുക.സാമ്പ്രദായിക വിദ്യാഭ്യാസ രീതി മാറി ആധുനിക പഠനരീതി സ്വന്തമാക്കണം. എങ്കിലേ നമ്മുടെ വിദ്യാഭ്യാസ നിലവാരം ലോകനിലവാരത്തിലേക്ക് ഉയരൂനമ്മളെ നമ്മള്‍ നയിക്കുന്ന വിദ്യാഭ്യാസ രീതിയാണ് നിലവിലുള്ളത്. ഏറ്റവും മൂല്യമേറിയ വിദ്യാഭ്യാസം ഇതിലൂടെ കൈവരിക്കാനാകും. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ചരിത്രത്തിലില്ലാത്ത നേട്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പറളി ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹൈടെക് ആക്കിയുള്ള പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു.
കെ വി വിജയദാസ് എംഎല്‍എ അധ്യക്ഷനായ പരിപാടിയില്‍ വി കെ ശ്രീകണ്ഠന്‍ എം പി മുഖ്യാതിഥിയായി. പറളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.ഗിരിജ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ. രാധിക, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ കെ.ശഷിജ, സുജിത ഡി, പി എ നാരായണന്‍ കുട്ടി,ഡി ഡി ഇ പി കൃഷ്ണന്‍, വിദ്യാഭ്യാസ ഓഫീസര്‍ സി വി അനിത, പിടിഎ പ്രസിഡന്റ് പി പി ശിവകുമാര്‍,പ്രധാന അധ്യാപിക ടി വി ജ്യോതി, പ്രിന്‍സിപ്പല്‍ പി രേണുക,എന്നിവര്‍ സംസാരിച്ചു.