നല്ലേപ്പിള്ളി: സിദ്ധിവിനായക കോവിലിന്റെ ഉത്സവാഘോഷങ്ങള്‍ പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച്  ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ മൂന്നു വരെയാണ് ഉത്സവം നടക്കുന്നത്. ഏകദേശം 70,000 ത്തോളം പേര്‍ പങ്കെടുക്കുന്ന ഉത്സവാഘോഷമേള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍  ഒഴിവാക്കിയും പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉള്‍പ്പെടുത്തിയുമാണ് കൊണ്ടാടുന്നത്.ജില്ലാ ശുചിത്വ മിഷന്‍, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത്, ക്ഷേത്രം -ഉത്സവ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.  പരമാവധി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാനും ആളുകള്‍ സഹകരിക്കുന്നുണ്ടെന്ന് നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാര്‍ങ്ഗധരന്‍ പറഞ്ഞു. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഉത്സവത്തിന് മുന്നോടിയായി ഹരിതപെരുമാറ്റചട്ടം പാലിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. പ്രകൃതി സൗഹൃദപരമായി ഉത്സവം നടത്താന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ആലോചന യോഗവും ചേര്‍ന്നിരുന്നു.ഉത്സവ പരിസരത്തും  വഴിയോരങ്ങളിലും ഹരിത പെരുമാറ്റച്ചട്ടം   പാലിക്കണമെന്ന  നിര്‍ദേശത്തോടു കൂടിയ ബാനറുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . ഭക്തജനങ്ങള്‍ വീടുകളില്‍നിന്ന് കൊണ്ടുവരുന്ന സ്റ്റീല്‍ പാത്രങ്ങളിലാണ് പ്രസാദം വിതരണം ചെയ്യുന്നത്. മുന്‍പ് പ്ലാസ്റ്റിക് ഡപ്പികളിലായിരുന്നു ഇവിടെ പ്രസാദം വിതരണം ചെയ്തിരുന്നത്.  കൂടാതെ ദിവസവും അന്നദാനം നടത്തുന്നതിനായി സ്റ്റീല്‍ പാത്രങ്ങളും വാഴയിലയും സ്റ്റീല്‍ ഗ്ലാസ്സുകളുമാണ് ഉപയോഗിക്കുന്നത്. പൂക്കള്‍ ,ഇലകള്‍, തെങ്ങിന്റെയും പനയുടെയും ഓല,  എന്നിവ ഉപയോഗിച്ചാണ് ക്ഷേത്രവും പരിസരവും അലങ്കരിച്ചിക്കുന്നത്. ഘോഷയാത്രക്കായി ഉപയോഗിക്കുന്ന രൂപങ്ങളും കോലങ്ങളും വൈക്കോല്‍, തുണി ,പഞ്ഞി എന്നിവ ഉപയോഗിച്ചാണ്  നിര്‍മ്മിക്കുന്നത്.പ്രധാന ഉത്സവ ദിനങ്ങളായ നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ പതിനായിരത്തോളം പേര്‍ക്ക് അന്നദാനം നടത്തുന്നതിന് സ്റ്റീല്‍ പ്ലേറ്റുകളും വാഴയിലയും സ്റ്റീല്‍ ഗ്ലാസുകളുമാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. പുറമേ നിന്ന് എത്തുന്ന ആളുകള്‍ക്കായി പ്രസാദ വിതരണത്തിന് കവുങ്ങിന്‍ പാളയില്‍ തീര്‍ത്ത കപ്പുകളും തയ്യാറാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഏകദേശം 10,000 ത്തോളം കപ്പുകളാണ് തയ്യാറാക്കിയിട്ടുള്ളത്. അമ്പല പരിസരത്ത് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പ്രധാന ഇടങ്ങളില്‍ അഞ്ചു  വലിയ കുട്ടകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ  ഗ്രാമപഞ്ചായത്ത് നിരവധി ചെറിയ കുട്ടകളും സ്ഥാപിച്ചിട്ടുണ്ട്.
 പേപ്പര്‍ ബാഗുകളിലും തുണി  സഞ്ചികളിലും സാധനങ്ങള്‍ വില്‍ക്കണമെന്ന നിര്‍ദേശവും ഉത്സവത്തിന് എത്തുന്ന കച്ചവടക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് ഉണ്ടാകുന്ന ജൈവ -അജൈവ മാലിന്യങ്ങള്‍ അതത് ദിവസം തന്നെ വേര്‍തിരിച്ച് സംസ്‌കരണ പ്ലാന്റിലേക്ക് മാറ്റാനും നടപടിയെടുത്തിട്ടുണ്ട്.
ഉത്സവത്തിന് ശേഷം പൊതുജനങ്ങളെ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ‘ക്ലീന്‍ ഡ്രൈവ്’ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!