പാലക്കാട്:നവകേരള മിഷന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കിയത് നിരവധി പദ്ധതികള്‍. ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഓരോ ക്ലാസ്സിലും കൈവരിക്കേണ്ട ശേഷികള്‍ നേടിയെടുത്ത് അന്തര്‍ദേശീയ നിലവാരത്തില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തീകരിക്കുന്നതിനുള്ള സംവിധാനം അഞ്ച് വര്‍ഷത്തിനകം പൊതു വിദ്യാലയങ്ങളില്‍ ഉറപ്പു വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ ജില്ലയില്‍ ഇതുവരെ കൈറ്റിന്റെ നേതൃത്വത്തില്‍ 323 ഹൈസ്‌കൂളുകളും 3277 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും പൂര്‍ണമായും ഹൈടെക്കായി ഉയര്‍ത്തി. കൂടാതെ മറ്റ് സ്‌കൂളുകള്‍ക്കായി ലാപ്ടോപ്, പ്രൊജക്ടര്‍, വെബ്ക്യാം, ഡി എസ് എല്‍ ആര്‍ ക്യാമറ, പ്രിന്റര്‍ എന്നിവയും വിതരണം ചെയ്തു.
മലയാളത്തിളക്കം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സമഗ്രശിക്ഷ കേരള നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് മലയാളത്തിളക്കം. മാതൃഭാഷ വായിക്കാനും എഴുതാനും ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്കായുള്ള പദ്ധതി ജില്ലയില്‍ മികച്ച വിജയമാണ് കൈവരിച്ചത്. എഴുത്തും വായനയും അറിയാത്ത ഒരു കുട്ടിപോലും പൊതുവിദ്യാലയങ്ങളില്‍ ഉണ്ടാകരുത് എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2018 സെപ്തംബറിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഹൈസ്‌കൂള്‍ തലത്തില്‍ മൂന്ന് ഘട്ടങ്ങളിലായും എല്‍.പി, യു.പി തലങ്ങളില്‍ ഓരോ ഘട്ടമായാണ് പദ്ധതി നടപ്പാക്കിയത്. ഹൈസ്‌കൂള്‍ തലത്തില്‍ 7414 വിദ്യാര്‍ഥികള്‍ പങ്കെടുത്തതില്‍ 6771 വിദ്യാര്‍ഥികള്‍ മികച്ച നേട്ടം കൈവരിച്ചു. 91.32 ആണ് വിജയശതമാനം. എല്‍.പി. വിഭാഗത്തില്‍ 10251 കുട്ടികള്‍ പങ്കെടുത്തതില്‍ 9300 പേര്‍ മികവുറ്റ വിജയം കൈവരിച്ചു. വിജയശതമാനം 90.72. യുപി വിഭാഗത്തില്‍ മലയാളത്തിളക്കം പദ്ധതിപ്രകാരം 7613 പേര്‍ പങ്കെടുക്കുകയും 7187 പേര്‍ മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തു. വിജയശതമാനം 94.40.
ഹലോ ഇംഗ്ലീഷ്
എല്‍.പി, യു.പി. തലങ്ങളില്‍ ഇംഗ്ലീഷ് ഭാഷയില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അന്താരാഷ്ട്ര നിലവാരത്തോടെ പരിശീലനം നല്‍കുന്ന പദ്ധതി. 887 ഗവ, എയ്ഡഡ് സ്‌കൂളുകളിലാണ് ഹലോ ഇംഗ്ലീഷ് പദ്ധതി നടപ്പാക്കിയത്. മൂന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ 92,170 വിദ്യാര്‍ഥികള്‍ക്കായി 9.7 ലക്ഷം രൂപയും ആറു മുതല്‍ എട്ട് വരെ ക്ലാസ്സുകളിലെ 1,11540 കുട്ടികള്‍ക്കായി 14.4 ലക്ഷം രൂപയും പദ്ധതിയുടെ വിജയത്തിനായി ചെലവഴിച്ചു.
ഉല്ലാസഗണിതം
ഒന്ന്, രണ്ട് ക്ലാസ്സുകളില്‍ ഗണിതപഠനം രസകരവും ആയാസരഹിതവുമാക്കുന്നതിന് സമഗ്രശിക്ഷ കേരളം ആവിഷ്‌കരിച്ച പദ്ധതിയാണ് ഉല്ലാസഗണിതം. വ്യത്യസ്തമായ മുപ്പതോളം ഗണിത കളികളിലൂടെ ഗണിതാശയങ്ങള്‍ എളുപ്പത്തില്‍ കുട്ടികളിലെത്തിക്കുകയെന്നതാണ് ഉല്ലാസഗണിതം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ 763 സ്‌കൂളുകളില്‍ കഴിഞ്ഞ സെപ്തംബര്‍ 23ന് ഉല്ലാസഗണിതം പദ്ധതിയ്ക്ക് തുടക്കമായി. നിലവില്‍ 25194 ഒന്നാംക്ലാസ് വിദ്യാര്‍ത്ഥികള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
മറ്റു വിഷയങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള സുരീലി ഹിന്ദി, ഭൗമം, ശാസ്ത്ര മധുരം പദ്ധതികളും നടന്നുവരുന്നു. സര്‍ഗ വിദ്യാലയം, പ്രാദേശിക പ്രതിഭ കേന്ദ്രം, സയന്‍സ് പാര്‍ക്കുകള്‍, രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ പരിപാടിയായ മാ – ബേട്ടി സമ്മേളന്‍, പെണ്‍കുട്ടികള്‍ക്കായുള്ള സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ പദ്ധതികള്‍ക്കായും സമഗ്രശിക്ഷ കേരള തുക വകയിരുത്തുന്നുണ്ട്.
സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ ചരിത്രത്തില്‍ ആദ്യമായി 2019 – 20 അധ്യയന വര്‍ഷത്തില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലേക്കുള്ള പ്രവേശനോത്സവം ഒരുമിച്ച് നടത്തി. ജില്ലയിലെ 70 ഹൈസ്‌കൂളുകള്‍ക്ക് ഇംഗ്ലീഷ് വായനാ സാമഗ്രികള്‍ ജൂണ്‍ 17 മുതല്‍ ലഭ്യമാക്കി. എസ്.എസ്.കെയുടെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പ് എല്ലാ ബി.ആര്‍.സിയിലും പൂര്‍ത്തിയാക്കി.
ഡയറ്റ്
ജില്ലാ തലങ്ങളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കുന്ന ഡയറ്റ് അഥവാ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിരവധി സര്‍ഗാത്മക പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്ന സര്‍ഗോത്സവം, കുട്ടികളിലെ വായനാശീലം വര്‍ധിപ്പിക്കാനും വായനയുടെ വിവിധ തലങ്ങള്‍ പരിചയപ്പെടുത്താനും സര്‍ഗവസന്തം, എസ്.എസ്. എല്‍.സി. തലത്തിലെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന് സര്‍ഗ പ്രതീക്ഷ തുടങ്ങിയ പദ്ധതികള്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി.
ലിറ്റില്‍ കൈറ്റ്സ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷന്‍, സൈബര്‍ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്സ് എന്നീ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിന് തുടങ്ങിയ ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയാണ് ലിറ്റില്‍ കൈറ്റ്സ്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ലിറ്റില്‍ കൈറ്റ്സ് നടപ്പാക്കുന്നത്. 2018 ജനുവരി 22 ന് ആരംഭിച്ച പദ്ധതിയില്‍ ജില്ലയില്‍ 139 യൂണിറ്റുകളിലായി 8606 വിദ്യാര്‍ഥികള്‍ അംഗങ്ങളാണ്. ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിജിറ്റല്‍ മാഗസിന്‍, വിക്ടേഴ്സ് വാര്‍ത്താ നിര്‍മ്മാണം, സംസ്ഥാനതല ക്യാമ്പുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചതിലൂടെ സാങ്കേതികവിദ്യാ പഠനങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകൃഷ്ടരാക്കാന്‍ സാധിച്ചു.