മണ്ണാര്‍ക്കാട്: കറകളഞ്ഞ ദേശീയതയും അതിശക്തമായ മതവിശ്വാസവും ഒരുമിച്ചു ചേര്‍ത്തുകൊണ്ട് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഉജ്വലമായ പോരാട്ടം നയിച്ച മഹാത്മാവാണ് മൗലാനാ അബുല്‍കലാം ആസാദെന്ന് സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജില്‍ ദേശീയ വിദ്യാഭ്യാസ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധിഷണാപരമായ വിദ്യാഭ്യാസ മുന്നേറ്റത്തിന് ഇന്ത്യയില്‍ അടിത്തറപാകിയ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി യായിരുന്നു മൗലാനാ ആസാദ്. മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം രൂപീകരിക്ക പ്പെടുന്ന ഒരു രാജ്യത്തിനും ദീര്‍ഘകാലം നിലനില്‍ക്കാന്‍ കഴിയില്ലെന്ന് ദീര്‍ഘവീക്ഷണ ത്തോടെ പ്രഖ്യാപിച്ച രാഷ്ട്ര തന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. വൈക്കം സത്യാഗ്രഹ ത്തില്‍ മഹാത്മാ ഗാന്ധി പങ്കെടുത്തത് മൗലാനാ ആസാദിന്റെ കൂടെ പ്രേരണയുടെ ഫലമായിരുന്നു. പുതുതലമുറ ചരിത്രബോധമുളളവരാകണം. അല്ലാതെ വന്നാല്‍ അത് നമ്മുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്ലടി കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ് അധ്യക്ഷനായി. ഇസ്‌ലാമിക് ഹിസ്റ്ററി വിഭാഗം മേധാവി എ.എം.ഷിഹാബ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ടി.സൈനുല്‍ ആബിദ്, അയ്യൂ പുത്തനങ്ങാടി, സി.ടി നാഫിഅ, യൂണിയന്‍ ചെയര്‍മാന്‍ കെ.എ സൈനുല്‍ ആബിദ് എന്നിവര്‍ സംസാരിച്ചു .