കാഞ്ഞിരപ്പുഴ : സഹപാഠിക്ക് സ്നേഹവീടൊരുക്കാനുള്ള തുക സമാഹരിക്കാന്‍ കപ്പ വിളയിച്ച് വില്‍പ്പനടത്തി വിദ്യാര്‍ഥികള്‍ സഹജീവിസ്നേഹത്തിന്റെ മാതൃകതീര്‍ത്തു. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്, എസ്. പി.സി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ഭൂമിത്ര കാര്‍ഷികസേന എന്നിവര്‍ ചേര്‍ന്നാണ് കപ്പകൃഷിയിറക്കിയത്.

സ്‌കൂളിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്നേഹവീട് നിര്‍മാണത്തിനാവശ്യമായ ഫണ്ട് സമാഹരണമായിരുന്നു ലക്ഷ്യം. സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ ഒരേ ക്കറോളം സ്ഥലത്തായിരുന്നു കൃഷി. ജൈവവളമാണ് നല്‍കിയത്. വിളവെടുത്ത കപ്പ കഴിഞ്ഞദിവസം സ്‌കൂളിന് മുന്നില്‍തന്നെയാണ് സ്റ്റാളിട്ട് വില്‍പ്പന നടത്തിയത്. ഒരു മണിക്കൂറിനകം വിറ്റഴിക്കുകയും ചെയ്തു. 25000 രൂപ ലഭിക്കുകയും ചെയ്തു. ഒരു ദിവസം സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കപ്പ ഭക്ഷണമായി നല്‍കുകയും ചെയ്തിരുന്നു. ബാക്കിവന്ന കപ്പയാണ് വിപണനം ചെയ്തത്.

ഭൂമിത്ര കാര്‍ഷിക ക്ലബ്ബ് കണ്‍വീനറും സീനിയര്‍ അധ്യാപകനുമായ ഡോ. പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ എസ്. സനല്‍കുമാര്‍, സ്‌കൗട്ട് അധ്യാപകന്‍ എച്ച്. അനീസ്, ഗൈഡ് ക്യാപ്റ്റന്‍ ദിവ്യ അച്ചുതന്‍, പി.ടി.എ. കമ്മിറ്റിയംഗങ്ങളായ അബ്ദുള്‍ നാസര്‍, രാജേഷ്, അധ്യാപകരായ റിജോദാസ്, സ്‌കൂള്‍ പാര്‍ലമെന്റ് ചെയര്‍മാന്‍ വി. അജിന്‍, ലീഡര്‍മാരായ എം സൂരജ്, പി.ശ്രീതു എന്നിവരും നേതൃത്വം നല്‍കി. നിലവില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹവീടിനായി ലഭിച്ച തുക ഉപയോഗിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി.ജെ. മൈക്കിള്‍ ജോസഫ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!