മണ്ണാര്‍ക്കാട്:എംഇഎസ് കല്ലടി കോളേജ്-പയ്യനെടം റോഡ് നവീകരണത്തിലെ അപാകതകള്‍ പരിഹരിച്ച് പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഡിവൈഎഫ്‌ഐ കുമരംപുത്തൂര്‍ മേഖല കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രവൃത്തിയിലെ ക്രമക്കേടുകള്‍ വേണ്ട സമയത്ത് കണ്ടെത്തുന്നതില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്.റോഡിന്റെ ഡിപിആര്‍ പോലും ഇല്ലാതെയാണ് നവീകരണം ആരംഭിച്ചത്.തീര്‍ത്തും അശാസ്ത്രീയമായ രീതിയിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ ആരോപിച്ചു. റോഡ് നവീകരണവുമായി ബന്ധപ്പെട്ട ജനകീയ കമ്മിറ്റി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു.ഇത്തരമൊരു കമ്മിറ്റിയെ കുറിച്ച് പൊതുമരാമത്ത് വകുപ്പിന് പോലും അറിവില്ല.റോഡ് നവീകരണത്തിലെ അപാകതകള്‍ പരിശോധിച്ച് പരിഹരിക്കാമെന്നു പുതുതായി ചുമതലയേറ്റ അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.ഈ ഉറപ്പ് പാലിച്ചില്ലെങ്കില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് ഉള്‍പ്പെടെയുള്ള പ്രക്ഷോഭത്തിന് ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കുമെന്ന്് ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജ്,കുമരംപുത്തൂര്‍ മേഖലാ ഭാരവാഹികളായ വി.കെ.ജമാല്‍,അനൂപ് എന്നിവര്‍ പറഞ്ഞു.