സൈലന്റ് വാലി:ഭൂമിയിലെ ആവാസവ്യവസ്ഥകളുടെ പരിപാലനത്തിനും ജീവന്റെ നിലനില്‍പ്പിനും ജീവജാലങ്ങളുടെ സഹവര്‍ത്തിത്വം അനിവാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൈലന്റ് വാലിയിലെ മുക്കാലിയില്‍ സംഘടിപ്പിച്ച വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവികള്‍ ജനവാസ മേഖലയിലേയ്ക്ക് കടന്ന് കയറുന്നതിന് കാരണം ആവാസവ്യവസ്ഥയുടെ ശോഷണവും ഭക്ഷണം, വെള്ളം അടക്കമുള്ള മറ്റ് അനിവാര്യ ഘടകങ്ങളുടെ ദൗര്‍ലഭ്യവുമാണ്. അത് പരിഹരിക്കാനുതകുന്ന പഠനങ്ങള്‍ നടത്തുകയും പദ്ധതികള്‍ ആവിഷ്‌കരിക്കുകയും വേണം. ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്നതും ചെക്ക്ഡാമുകള്‍ നിര്‍മിക്കുന്നതും പരിസ്ഥിതിക്കിണങ്ങാത്ത മരങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള വനവത്കരണവുമെല്ലാം മനുഷ്യനും വന്യജീവികള്‍ക്കും ഒരുപോലെ ഉപകാരപ്പെടും. ദാരിദ്ര്യം മൂലം വനത്തിലേക്ക് കടന്നു കയറുന്നവരേയും വനം കൊള്ളക്കാരേയും രണ്ടായി കാണണം. വെട്ടിപ്പിടിക്കാനെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.മുക്കാലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷയായി.വൈവിദ്ധ്യമാര്‍ന്ന വൃക്ഷാവരണം ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ കേരളം ഇങ്ങനെ നിലനില്‍ക്കുമായിരുന്നില്ലെന്ന് വന്യജീവി വാരാഘോഷ സന്ദേശം നല്‍കിയ മുഖ്യ വനം മേധാവി പി. കെ. കേശവന്‍ പറഞ്ഞു. മുളയുടെ തോഴി എന്നറിയപ്പെടുന്ന നൈന ഫെബിന്‍ വാരാചരണ പ്രതിജ്ഞ ചൊല്ലി. ഫോട്ടോപ്രദര്‍ശനം, സമൂഹചിത്രരചന, കലാപരിപാടികള്‍ എന്നിവയും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു.ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി. പി. പ്രമോദ്, സി.സി.എഫ്
ബി.എന്‍.അഞ്ജന്‍ കുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാമുവല്‍ വല്ലംഗെത്ത പച്ചൗ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!