മണ്ണാര്‍ക്കാട്: പ്രകൃതിദത്തമായ പഞ്ചവര്‍ണ്ണങ്ങളാല്‍ ദേവീ രൂപം വരച്ച് നന്ദുണിയുടെ അകമ്പടിയോടെ സ്തുതിഗീതങ്ങള്‍ പാടി മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ മലയാള വിഭാഗം കളമെഴുത്ത്ശില്പശാല സംഘടിപ്പിച്ചു. അരി, ഉമിക്കരി, മഞ്ചാടി ഇല, മഞ്ഞള്‍, മഞ്ഞളും ചുണ്ണാമ്പും കലര്‍ത്തിയ മിശ്രിതം എന്നിവയില്‍ നിന്നാണ് പഞ്ചവര്‍ണ്ണ ലോഹത്തെ പ്രതിനിധാനം ചെയ്യുന്ന പഞ്ച വര്‍ണ്ണ പൊടികള്‍ തയ്യാറാക്കി കളമെഴുത്ത് നടത്തിയത്. പ്രകൃ തിയും മനുഷ്യനും ഈശ്വരനും തമ്മിലുള്ള ഏകീകരണ ബന്ധവും സൃഷ്ടി സ്ഥിതി സംഹാരം തുടങ്ങിയ തത്വങ്ങളും കലാപരമായി കാണിക്കുന്ന കളംപാട്ട് മാതൃകകളും ശില്‍പ്പശാലയില്‍ പാടി അവതരിപ്പിച്ചു. കളം പൂജയുടെ അനുഷ്ഠാന ചടങ്ങുകളില്ലാതെ കളമെഴുത്തിന്റെ ചരിത്രം, ഐതിഹ്യം, കളം വരയുടെ രീതികള്‍, ചടങ്ങുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്ത ശില്പശാലക്ക് കടന്നമണ്ണ ശ്രീനിവാസന്‍ നേതൃത്വം നല്‍കി . കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ സി കെ സെയ്താലി ഉദ്ഘാടനം ചെയ്ത ശില്പശാല യില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് റസീന എ അധ്യക്ഷത വഹിച്ചു.പ്രൊഫ. ഷാജിദ് വളാഞ്ചേരി, പ്രൊഫ. എ റംലത്ത്, പ്രൊഫ. കെ ഉമ്മു ഹബീബ, സികെ രതീഷ് , പ്രൊഫ. പി. സിറാജുദ്ദീന്‍, പ്രൊഫ. ടി.വി പ്രിയ, പ്രൊഫ. പി പ്രീത മോള്‍ , പ്രൊഫ. പ്രീത രാജഗോപാല്‍, ഹരിത വി , പി. ജുഷൈനി, ടി കെ ബീന, ടി. അബ്ദുല്‍ ഹസീബ് , ആര്‍ രേഷ്മ സംസാരിച്ചു.