ചിറ്റൂര്‍:പറമ്പികുളം- ആളിയാര്‍ ഡാമില്‍ നിന്നും ചുള്ളിയാര്‍-മംഗലം ഡാമുകളിലേക്ക് കൂടുതല്‍ ജലം വിട്ടു നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ സംസ്ഥാന അതോറിറ്റി ചിറ്റൂര്‍ പ്രോജക്ട് ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുക യായിരുന്നു മന്ത്രി. ജലം വിട്ടു നല്‍കാനുളള തീരുമാനം തീരുമാനം സര്‍ക്കാര്‍ കൈകൊണ്ടതായും മന്ത്രി പറഞ്ഞു. ഗ്രാമീണ ജനതയ്ക്ക് സമഗ്രമായി കുടിവെള്ളം എത്തിക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ജില്ലയിലെ കുടിവെള്ള പ്രശ്നം ഈ സര്‍ക്കാറിന്റെ കാലയളവിനുള്ളില്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുടിവെളള പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഗ്രാമീണ മേഖലയിലുള്ള പത്തു ലക്ഷത്തോളംപേര്‍ ഉപഭോക്താ ക്കളാകും.കെ. ബാബു എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി, കെ.ഡി പ്രസേനന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എ.ഗീത ടീച്ചര്‍, സംസ്ഥാന ജല അതോറിറ്റി അംഗം അഡ്വ. വി മുരുകദാസ്, ചിറ്റൂര്‍ – തത്തമംഗലം നഗരസഭാ ചെയര്‍മാന്‍ കെ മധു, കൊല്ലങ്കോട്, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശാരദ തുളസിധരന്‍, പി.വി രാമകൃഷ്ണന്‍, പെരുമാട്ടി, വടകരപതി, നല്ലേപ്പിളളി, പട്ടഞ്ചേരി ഗ്രാമ പഞ്ചായത്തു പ്രസിഡണ്ടുമാരായ ജി. മാരിമുത്തു, കുളന്തൈ തെരേസ, പി. ശാര്‍ങ്ങധരന്‍, കെ. ജയശ്രീ, കേരള ജല അതോറിററി ഉത്തരമേഖല ചീഫ് എഞ്ചിനിയര്‍ ബി. ഷാജഹാന്‍, സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ആര്‍. ജയചന്ദ്രന്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.