പട്ടാമ്പ: ബ്ലോക്ക് പഞ്ചായത്തിന് അന്താരാഷ്ട്ര ഗുണനിലവാര സമിതിയുടെ ഐ.എസ്.ഒ 9001-2015 അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം അസി. കലക്ടര്‍ ചേതന്‍ കുമാര്‍ മീണ നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനുള്ള അംഗീകാരമാണ് ഐ.എസ്.ഒ ലഭിച്ചതിലൂടെ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് നേടിയതെന്ന് അദ്ദേഹം പറഞ്ഞു. സേവനങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയണമെന്നും നിരന്തരമായ പരിശ്രമവും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവുമാണ് അംഗീകാരങ്ങളുടെ അടിസ്ഥാനമെന്നും അസി. കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
പ്രഖ്യാപന പരിപാടിയോടനുബന്ധിച്ച് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പൗരാവകാശരേഖ- 2019 അസി.കലക്ടര്‍ ചേതന്‍ കുമാര്‍ മീണ പ്രകാശനം ചെയ്തു. ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി ദാനം ചെയ്ത് മാതൃകയായ ജിജ. കെ. ജിനന്‍, അറബിക് സ്‌പെഷ്യല്‍ ഓഫീസറായി നിയമനം ലഭിച്ച വി. കെ അബ്ദുല്‍ റഷീദ്, കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഗണിത വിഭാഗത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ.എം. ഷഹീദലി, സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ ശാസ്ത്രനാടകത്തില്‍ വിജയികളായ പെരുമുടിയൂര്‍ ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍, ഐ.എസ്.ഒ അംഗീകാര പ്രവര്‍ത്തനങ്ങളുടെ ഭാഗമായ കെ.ടി കുഞ്ഞുണ്ണി, നൂറുദിനം തികച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം പി പി ഇന്ദിരാദേവി, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷഫീന ശുക്കൂര്‍, തഹസില്‍ദാര്‍ പ്രസന്നന്‍, സി.ഐ കെ.വിജയകുമാര്‍, ജോയിന്റ് ആര്‍.ടി.ഒ മുജീബ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓഫീസ് സംവിധാനങ്ങളും സേവനങ്ങളും വിലയിരുത്തിയുള്ള അംഗീകാരം
മികച്ച രീതിയിലുള്ള ഓഫീസ് സംവിധാനങ്ങള്‍ക്കും സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന് അന്താരാഷ്ട്ര ഗുണനിലവാര സമിതിയുടെ ഐ.എസ.്ഒ 9001-2015 ബഹുമതി ലഭിച്ചത്. ഐ.എസ്.ഒ അംഗീകാരം നേടുന്ന ജില്ലയിലെ മൂന്നാമത്തെ ബ്ലോക്ക് പഞ്ചായത്താണ് പട്ടാമ്പി. പലവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സൗഹാര്‍ദ്ദപരവുമായ അന്തരീക്ഷമാണ് ഓഫീസില്‍ സൃഷ്ടിച്ചിരിക്കുന്നത്. ആവശ്യമായ രേഖകള്‍ മൂന്ന് മിനിറ്റിനകം ലഭിക്കുന്ന രീതിയിലാണ് റെക്കോര്‍ഡുകള്‍ സൂക്ഷിച്ചിരിക്കുന്നത്.
ഫ്രണ്ട് ഓഫീസ് റീഡിങ് റൂം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍, പരാതിപ്പെട്ടികള്‍, ഫീഡ്ബാക്ക് രജിസ്റ്ററുകള്‍, ബ്ലോക്ക് പഞ്ചായത്ത് സംബന്ധിച്ച വിശദമായ ഭൂപടം, ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട് രൂപരേഖ, ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പര്‍ അടങ്ങിയ ബോര്‍ഡുകള്‍, ഉദ്യോഗസ്ഥരുടെ ഹാജര്‍ ബോര്‍ഡുകള്‍, ജനപ്രതിനിധികള്‍ക്കുള്ള ഓഫീസ് മുറികള്‍ എന്നിവയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള സേവനങ്ങള്‍, ആരോഗ്യ- കാര്‍ഷിക- കലാകായിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ എന്നിവയും അംഗീകാരത്തിന് അടിസ്ഥാനമായിട്ടുണ്ട്. നാലു വര്‍ഷത്തോളമായി നടക്കുന്ന പ്രവര്‍ത്തനഫലമായാണ് ഐ.എസ്.ഒ അംഗീകാരം നേടാനായതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം മുഹമ്മദലി പറഞ്ഞു.