തെങ്കര:ആകെയുണ്ടായിരുന്ന കൂര പ്രളയം കവര്‍ന്നെടുക്കുകയും സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ വീട് വെക്കാനുമാകാതെ പ്രയാസത്തിലായ മാളുവമ്മയുടെയും കുടുംബത്തിന്റെയും സങ്കട കണ്ണീരൊപ്പി വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട്.ഇവര്‍ക്കായി സ്ഥലം വാങ്ങി രജിസ്റ്റര്‍ ചെയ്ത് ആധാരം കഴിഞ്ഞ ദിവസം വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് കൈമാറി.ഇതോടെ തെങ്കര കോല്‍പ്പാടം കുട്ടിച്ചാത്തന്‍ പള്ളിയാലിലെ മാളുവമ്മയെന്ന നിര്‍ധന കുടുംബത്തിന്റെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ പുതിയ വെളിച്ചമെത്തുകയാണ്.. അയല്‍വാസിയുടെ സ്ഥലത്ത് ചെറിയൊരു ഷെഡ്ഡ് വെച്ച് അതിലാണ് രോഗിയായ മാളു അമ്മയും മകനും ഭാര്യയും രണ്ട് മക്കളും മാളുവമ്മയുടെ അമ്മയുമടങ്ങുന്ന കുടുംബം കഴിഞ്ഞ് പോന്നിരുന്നത്. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന മകന്‍ കിടപ്പിലായതോടെ ജീവിത പ്രതിസന്ധി ഉടലെടുത്തപ്പോള്‍ നന്‍മയുള്ള നാട്ടുകാരാണ് ഇവര്‍ക്ക് തുണയായത്.എന്നാല്‍ കഴിഞ്ഞ പ്രളയം മാളുവമ്മയുടെ കൂരയെ തകര്‍ത്തു.രോഗങ്ങളും ജീവിത സാഹചര്യങ്ങളും തളര്‍ത്തിയ കുടുംബത്തിന്റെ ദയനീയാവസ്ഥ വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടിന്റെ പ്രതിനിധി ഫൈസല്‍ ആനമൂളിയാണ് കൂട്ടായ്മയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സ്ഥലമില്ലാത്തതാണ് മാളുവമ്മയുടെ സ്വന്തം വീടെന്ന സ്വപ്‌നത്തിന് തടസ്സമായിരുന്നത്.ഇതേ തുടര്‍ന്നാണ് മാളുവമ്മയുടെ കുടുംബത്തിന് രക്ഷയാകാന്‍ വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് കൈകോര്‍ത്തത്.കൂട്ടായ്മ മുഖ്യരക്ഷാധികാരി ഡോ.കമ്മാപ്പ ഇടപെട്ട് എംആര്‍ടി ഫണ്ടില്‍ നിന്നും ഒരു തുക അനുവദിച്ചു.വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടിലെ അംഗങ്ങള്‍ വഴിയും തുക സമാഹരിച്ചു. ഈ തുകയക്ക് കോല്‍പ്പാടത്ത് മൂന്നര സെന്റ് വാങ്ങി രജിസ്റ്റര്‍ ചെയ്താണ് കഴിഞ്ഞ ദിവസം ഡോ.കമ്മാപ്പ ആധാരം മാളു അമ്മയ്ക്കും കുടുംബത്തിനും കൈമാറിയത്.മണ്ണാര്‍ക്കാട് റൂറര്‍ ബാങ്ക് സെക്രട്ടറി പുരുഷോത്തമന്‍,വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് വൈസ് ചെയര്‍മാനായ ഗഫൂര്‍ പൊതുവത്ത്,കെവിഎ റഹ്മാന്‍,എക്‌സി അംഗങ്ങളായ ജോസഫ് ചേലങ്കര,സാബു ചുങ്കം എന്നിവര്‍ പങ്കെടുത്തു.ഭവന പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്ത് ഇവര്‍ക്ക് വീടനുവദിക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.ഇതിനുള്ള നടപടികള്‍ തടസ്സങ്ങളില്ലാതെ വേഗത്തില്‍ പൂര്‍ത്തിയായാല്‍ തലചായ്ക്കാന്‍ സ്വന്തമായൊരു വീടെന്ന ഈ കുടുംബത്തിന്റെ സ്വപ്‌നം ഇനിയും വിദൂരമാകില്ല.