പാലക്കാട്:ഉത്സവങ്ങള്‍ക്ക് ഹരിത പെരുമാറ്റച്ചട്ടം മികച്ച രീതിയില്‍ നടപ്പാക്കുന്ന അമ്പലകമ്മിറ്റിക്ക് പുരസ്‌കാരം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി അറിയിച്ചു. ഉത്സവത്തില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം, മികച്ച രീതി യിലുള്ള മാലിന്യ സംസ്‌കരണം, പരിസ്ഥിതിസൗഹൃദ സാധന ങ്ങളുടെ ഉപയോഗം തുടങ്ങിയവ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. ജില്ലയിലെ മുഴുവന്‍ ഉത്സവങ്ങളും ഗ്രീന്‍ പ്രോട്ടോ ക്കോള്‍ ഉത്സവങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി ഹരിതകേരളം ജില്ലാ മിഷന്‍, ജില്ലാ ശുചിത്വമിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ഉത്സവകമ്മിറ്റി- ക്ഷേത്ര ഭാരവാഹികളുടെ യോഗം ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റും ഹരിതകേരളം മിഷന്‍ ജില്ലാ ചെയര്‍പേഴ്സണുമായ അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.ദാരിദ്ര ലഘൂകരണ വിഭാഗം ഹാളില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് ടി. വിജയന്‍ അധ്യക്ഷനായി. ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ.കല്യാണ്‍ കൃഷ്ണന്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബെനില ബ്രൂണോ, എന്നിവര്‍ സംസാരിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, പാലക്കാട് ജില്ലയിലെ പ്രമുഖ ഉത്സവങ്ങള്‍ നടക്കുന്ന ക്ഷേത്രങ്ങളുടെ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു. ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിന് അമ്പല ക്കമ്മിറ്റികള്‍ക്കുള്ള പൊതു നിര്‍ദ്ദേശങ്ങളും ഹരിത പെരുമാറ്റച്ചട്ട നിര്‍ദ്ദേശങ്ങളും യോഗത്തില്‍ വിതരണം ചെയ്തു.
ക്ഷേത്ര ഉത്സവങ്ങളില്‍ പാലിക്കണ്ടേ ഹരിത പെരുമാറ്റച്ചട്ട നിര്‍ദ്ദേശങ്ങള്‍
*അലങ്കാരങ്ങള്‍, കമാനങ്ങള്‍, തോരണങ്ങള്‍ ഇവ പ്രകൃതിസൗഹൃദ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിക്കണം.
*ഫ്ളക്സ് ബോര്‍ഡ് നിര്‍മ്മാണത്തിന് പ്ലാസ്റ്റിക് ഒഴിവാക്കി തുണി ഉപയോഗിക്കുക.
*ഘോഷയാത്രയില്‍ വെള്ളം കൊടുക്കാന്‍ വാട്ടര്‍ കിയോസ്‌ക് സ്ഥാപിക്കുകയും വെള്ളം കൊടുക്കാന്‍ സ്റ്റീല്‍ / സ്ഫടിക ഗ്ലാസുകള്‍ ഉപയോഗിക്കുകയും ചെയ്യുക.
*സദ്യ വിളമ്പുന്നത് സ്റ്റീല്‍ പ്ലേറ്റുകളിലാക്കുക.
*ആചാരാനുഷ്ഠാനങ്ങളില്‍ ഹരിതനയം പാലിക്കണം.
*ഉത്സവത്തിന്റെ ഭാഗമായി വഴികച്ചവടക്കാരുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ കരാര്‍ ഉടമ്പടിയില്‍ ഹരിതനയം പ്രതിപാദിക്കുകയും പാലിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക.
*തുണി സഞ്ചിയില്‍ മാത്രം സാധനങ്ങള്‍ കൊടുക്കാന്‍ കച്ചവടക്കാരെ പ്രേരിപ്പിക്കുക.
*ഉത്സവത്തിന്റെ ഭാഗമായുണ്ടാകുന്ന മാലിന്യ ശേഖരണത്തിന് പ്രകൃതി സൗഹൃദ മാലിന്യകുട്ടകള്‍ സ്ഥാപിക്കുക.
*കച്ചവടക്കാര്‍ അവരവരുടെ കടയില്‍ ഉണ്ടാകുന്ന മാലിന്യം തരംതിരിച്ച് ശേഖരിക്കുകയും അമ്പലകമ്മിറ്റി മുഖേന പഞ്ചായത്തിന് കൈമാറുകയോ സ്വന്തം നിലയ്ക്ക് സംസ്‌കരിക്കുകയോ ചെയ്യുക.
*ക്ഷേത്രത്തിലെ ആഘോഷങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ ഗ്രീന്‍ വോളന്റിയേഴ്സ് ടീം രൂപീകരിക്കുക.
*ദിവസങ്ങള്‍ നീളുന്ന ആഘോഷ പരിപാടിയില്‍ ജൈവമാലിന്യം കമ്പോസ്റ്റ് ചെയ്യാന്‍ പൊതു സംവിധാനം ഏര്‍പ്പെടുത്തുക.
*അമ്പലപരിസരവും പാതയോരവും ഉത്സവത്തിന് ശേഷം വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുക.