മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് – കൊട്ടശേരി ടിപ്പു സുല്‍ത്താന്‍ റോഡിനോട് പതിറ്റാണ്ടുകളായി അധികാരികള്‍ കാണിക്കുന്ന വിവേചനങ്ങള്‍ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച സമര പ്രക്ഷോഭ യാത്ര സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് ടൗണില്‍ നടന്ന യാത്ര വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റിയംഗം ഡോ.എന്‍.എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി സംസ്ഥാന ബജറ്റില്‍ നിന്നടക്കം കോടികള്‍ പാസായിട്ടും റോഡ് നവീകരണം നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി കേവലമായ അറ്റകുറ്റപ്പണികള്‍ മാത്രമാണ് പ്രതിഷേധങ്ങള്‍ ഉണ്ടാകുമ്പോള്‍ ചെയ്യുന്നത്. റോഡ് വികസനമല്ല അധികാരികളുടെ പോക്കറ്റുകള്‍ നിറയുകയാണ് ചെയ്യുന്നതെന്നും നേതാക്കള്‍ പറഞ്ഞു.മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് സഈദ് അധ്യക്ഷത വഹിച്ചു.കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഗനി, വി.ഖാലിദ്, അമീനുല്ല, കെ.എം സാബിര്‍ അഹ്‌സന്‍,ഷാക്കിര്‍ അഹമ്മദ്, നൗഷാദ്.എം എന്നിവര്‍ സംസാരിച്ചു. വിവിധയിടങ്ങളിലെ സ്വീകരണ പരിപാടികള്‍ക്കു ശേഷം വൈകുന്നേരം 5 മണിക്ക് ഉമ്മനഴി സെന്ററില്‍ സമാപിച്ചു. സമാപനോദ്ഘാടനം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് കെ.സി നാസര്‍ നിര്‍വഹിച്ചു.പാലക്കാട്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് താലൂക്കുകളെയും കോങ്ങാട്, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം മണ്ഡല ങ്ങളെയും മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി, കാരാ കുര്‍ശി, കടമ്പഴിപ്പുറം, കോങ്ങാട് പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പാതയാണ് ടിപ്പു സുല്‍ത്താന്‍ റോഡ്. പ്രധാന പാതകളില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ വാഹനങ്ങള്‍ കടത്തിവിടുന്ന പ്രധാന പാതകൂടിയാണ് ടിപ്പു സുല്‍ത്താന്‍ റോഡ്. ആയിരക്കണക്കിന് യാത്രക്കാരും വിദ്യാര്‍ത്ഥികളുമാണ് ദിനേന ഈ പാതയെ ആശ്രയിക്കുന്നത്.