മണ്ണാര്‍ക്കാട്:പയ്യനെടം റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കയകറ്റി നിര്‍മ്മാണവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിച്ച് പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് കുമരംപുത്തൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായി ചര്‍ച്ച നടത്തി.നിലവില്‍ നടത്തിയ പ്രവൃത്തികളില്‍ വ്യാപകമായ ക്രമക്കേട് ഉണ്ടായിട്ടുണ്ട് എന്ന് ശരി വെക്കുന്ന തരത്തിലാണ് കരാര്‍ കമ്പനി ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തികള്‍. ഇതിന് കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും വകുപ്പിന്റെ അനാസ്ഥയുമാണ്.മണ്ഡലത്തിലേക്കുള്ള വികസന പ്രവര്‍ത്തികളുടെ പ്രൊപ്പോസല്‍ നല്‍കി ഈ റോഡ് ആധുനിക രീതിയില്‍ മെച്ചപ്പെടുന്നതിന് സര്‍ക്കാറില്‍ നിന്ന് ഫണ്ട് അനുവദിപ്പിക്കുക എന്നതാണ് സ്ഥലം എം.എല്‍.എ അഡ്വ.എന്‍ ഷംസുദിന് ചെയ്തത്. എന്നിരിക്കെ ഇതുമായി ബന്ധപ്പെട്ട് പ്രവൃത്തിയുടെ കരാര്‍ നല്‍കുന്നതിലൊ മറ്റോ എം.എല്‍.എയ്ക്ക് യാതൊരു പങ്കുമില്ലായെന്നും മണ്ണാര്‍ക്കാട്ടെ പൊതു ജനത്തിന് അറിയാമെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.തുടര്‍ പ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ ഉദ്യോഗസ്ഥന്‍മാരുടെ സാന്നിദ്ധ്യമുണ്ടാവണമെന്നും, അസമയത്ത് പ്രവൃത്തികള്‍ നടത്തരുതെന്നും അസി.എഞ്ചിനീയറോട് ആവശ്യപ്പെട്ടു.അശാസ്ത്രീയമായ പ്രവൃത്തി തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികള്‍ക്ക് മുസ്ലീം ലീഗ് മുന്നിട്ടിറങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു.നിലവില്‍ ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിട്ടുളള ആരോപണങ്ങള്‍ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാറും വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാണെന്ന് നേതാക്കള്‍ ആരോപിച്ചു.ചര്‍ച്ചയെ തുടര്‍ന്ന് ഈ മാസം ഏഴിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാനും,പ്രവൃത്തികള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്താമെന്നും ഭാരവാഹികള്‍ക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനീഷ് ഉറപ്പു നല്‍കി.പഞ്ചായത്ത് മുസ് ലിം ലീഗ് സെക്രട്ടറി അസീസ് പച്ചീരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി, ഭാരവാഹികളായ അര്‍സല്‍ എരേരത്ത്, കെ.കെ ബഷീര്‍, ഹമീദ് പി.കെ, റഷീദ് തോട്ടാശ്ശേരി, നൗഷാദ് വെള്ളപ്പാടം, കെ. പി മൊയ്തുപ്പ, എം.മുഹമ്മദലി, അസൈനാര്‍ പുല്ലത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.