ഒലവക്കോട്: ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ എണ്‍പത്തിയെട്ട് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ റെയില്‍വേ പോലീസിന്റെ പിടിയിലായി.വേങ്ങര താഴെ അങ്ങാടി അമ്പലവന്‍കുന്ന് അബ്ദുള്‍ അസീസ് (29) അഞ്ചുപറമ്പ് മണിത്തൊടി വീട്ടില്‍ മുഹമ്മദ് റഫീഖ് (27) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പകല്‍ ചെന്നൈ മംഗലാപുരം എക്‌സ്പ്രസില്‍ നടത്തിയ ഓണക്കാല പരിശോധനക്കിടയിലാണ് ഇവര്‍ പിടിയിലായത്. ചെന്നൈയില്‍ നിന്നും പരപ്പനങ്ങാടിയിലേക്കായിരുന്നു പണം കൊണ്ടുപോകുന്നതെന്ന് പ്രതികള്‍ സമ്മതിച്ചു. ഇവര്‍ ചെന്നൈയില്‍ നിന്നും ജനറല്‍ കംപാര്‍ട്ട് മെന്റില്‍ കയറി പാലക്കാടെത്തി സീറ്റിനായി എസ്ടു കോച്ചില്‍ കയറി. സംശയം തോന്നി റെയില്‍വേ പോലീസ് പരിശോധിച്ചപ്പോള്‍ 44 ലക്ഷം രൂപ വീതം ഇരു ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തുകയായിരുന്നു. എസ്‌ഐമാരായ രമേഷ് കുമാര്‍, എം സുനില്‍, സീനിയര്‍ സിപിഒ ജോസഫ്, സിപിഒമാരായ സിറാജുദ്ദീന്‍, ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളപ്പണം പിടികൂടിയത്.