ഒറ്റപ്പാലം:22-ാമത് സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് ഒറ്റപ്പാലത്ത് തുടക്കമായി. ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി .ടി.എച്ച്.എസ്.എസ്. സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി കലോത്സവം ഉദ്ഘാടനം ചെയ്തു.എല്ലാ വിഭാഗത്തിലുള്ള വിദ്യാര്‍ഥികളെയും പരിപോഷിപ്പിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ പരിപോഷിപ്പിക്കുന്നതിനായി നടത്തുന്ന കലോത്സവങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്ത മാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഒക്ടോബര്‍ 20 വരെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ സംസ്ഥാനത്തെ 241 സ്‌കൂളുകളില്‍ നിന്നായി 1500 ലധികം ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ആദ്യ ദിനത്തില്‍ കേള്‍വിക്കുറവ്, മാനസിക വെല്ലുവിളി എന്നിവ നേരിടുന്ന വിഭാഗത്തിലുളളവര്‍ക്കായിരുന്നു മല്‍സരം. മോഹിനിയാട്ടം, നാടോടിനൃത്തം, സംഘനൃത്തം, ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, ഉപകരണസംഗീതം, പദ്യംചൊല്ലല്‍, ചിത്രരചന, ജലച്ചായം, ദേശീയഗാനം, ഒപ്പന, മോണോ ആക്ട്, മൈം എന്നീ ഇനങ്ങളിലായി 850 വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് കലോത്സവം നടക്കുന്നത്. ഏഴ് വേദികളാണുളളത്.ഒറ്റപ്പാലം നഗരസഭാ ചെയര്‍മാന്‍ എന്‍. എം.നാരായണന്‍ നമ്പൂതിരി വിശിഷ്ടാതിഥിയായി. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമന്‍ മുഖ്യപ്രഭാഷണം നടത്തി. ഒറ്റപ്പാലം നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് സ്റ്റീഫന്‍, നഗരസഭാ കൗണ്‍സിലര്‍ സത്യം പെരുമ്പറതോട്, ഹയര്‍ സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സ്നേഹലത, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അസിസ്റ്റന്റ് ഡയറക്ടര്‍ എം. ഉബൈദുള്ള, അഡ്വ. വി. മുരുകദാസ്, എസ്.ശീതള, പി. കൃഷ്ണന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!