പാലക്കാട്: സാമൂഹ്യനീതി വകുപ്പും നാഷണല്‍ ട്രസ്റ്റ് ജില്ലാതല സമിതിയും സംയുക്തമായി മസ്തിഷ്‌ക ഭിന്നശേഷി വിഭാഗ ക്കാര്‍ക്കായി നടപ്പാക്കുന്ന സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതി നിരാമയ ഇന്‍ഷുറന്‍സില്‍ അര്‍ഹരായവര്‍ക്ക് അംഗമാവാം. ഓട്ടി സം, സെറിബ്രല്‍ പാള്‍സി, മാനസിക വൈകല്യം, ബഹുമുഖ വൈകല്യം എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന പദ്ധതിയാണ് നിരാമയ ഇന്‍ഷുറന്‍സ്. പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെ പദ്ധതി പ്രകാരം ചികിത്സാ ആനുകൂല്യം ലഭിക്കും. ഏതു സര്‍ക്കാര്‍ ആശുപത്രിയി ലും രജിസ്റ്റര്‍ ചെയ്ത സ്വകാര്യ ആശുപത്രിയിലും ഒ.പി ചികിത്സ യ്ക്കും കിടത്തി ചികിത്സയ്ക്കും ഇന്‍ഷുറന്‍സ് തുക ലഭിക്കും. ഏത് പ്രായക്കാര്‍ക്കും പദ്ധതിയില്‍ അംഗമാകാവുന്നതാണ്.

നിരാമയയില്‍ പുതുതായി ചേരുന്നതിനും ഇന്‍ഷുറന്‍സ് പുതുക്കുന്നതിനുംഐ.സി.ഡി.എസ്, ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ അപേക്ഷാ ഫോം ലഭിക്കും. കൂടാതെ അക്ഷയ കേന്ദ്രം മുഖേന എസ്.എന്‍.എ.സിയുടെ manovikas@gmail.com, keralansac@gmail.com എന്നീ മെയിലുകളില്‍ അപേക്ഷിച്ചാല്‍ അപേക്ഷ ഫോം ലഭ്യമാകും.എല്ലാവര്‍ഷവും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കാര്‍ഡ് പുതുക്കണം. മാര്‍ച്ച് 31 വരെയാണ് നിരാമയ ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ കാലാവധി. കാര്‍ഡ് പുതുക്കിയവര്‍ക്കു മാത്രമേ ക്ലെയിം ലഭ്യമാകൂ. പോളിസി പുതുക്കുന്നതിന് ഗുണഭോക്താവ് പണം അടക്കേണ്ടതില്ല. പദ്ധതിയുടെ പ്രീമിയം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.

നിയമപരമായ രക്ഷാകര്‍തൃത്വം

മസ്തിഷ്‌ക ഭിന്നശേഷി വിഭാഗക്കാരില്‍ പ്രായപൂര്‍ത്തിയായവരെയും അത്യാവശ്യ ഘട്ടങ്ങളില്‍ 18 വയസ്സില്‍ താഴെയുള്ളവരെയും സംരക്ഷിക്കുന്നതിനായുള്ള നാഷണല്‍ ട്രസ്റ്റാണ് നിയമപരമായ പരിരക്ഷയും നല്‍കുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍, ബാങ്ക്, പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ തുടങ്ങിയവക്കെല്ലാം നിയമപരമായ രക്ഷാകര്‍തൃത്വം (ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്) ആവശ്യമാണ്. ജില്ലാ കലക്ടറാണ് നിയമപരമായ രക്ഷാകര്‍ത്താവിനെ നിയോഗിക്കുക. നിരാമയ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതുവരെ 2500 ഓളം പേരാണ് അംഗങ്ങളായിട്ടുള്ളത്. 800 ഓളം പുതിയ അപേക്ഷകള്‍ പരിഗണനയിലാണെന്ന് ജില്ലാ ലോക്കല്‍ ലെവല്‍ കമ്മിറ്റി റിസോഴ്സ്പേഴ്സണ്‍ ഭാസ്‌ക്കരനുണ്ണി അറിയിച്ചു.സാമൂഹ്യനീതി വകുപ്പിന്റെയും നാഷണല്‍ ട്രസ്റ്റ് ജില്ലാതല സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും നിരാമയ ഇന്‍ഷുറന്‍സ്, ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്, ഇതര ആനുകൂല്യ ങ്ങള്‍ സംബന്ധിച്ച് ബോധവത്ക്കരണ പരിപാടികളും നടക്കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!