പാലക്കാട്: പൊതുജനങ്ങള്‍ക്ക് ഗുണമേന്മയുള്ള സൗകര്യങ്ങളും മികച്ച സേവനങ്ങളും ഉറപ്പാക്കുന്ന മരുതറോഡ് ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പശ്ചാത്തല വികസനം, പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ എന്നിവ കണക്കാക്കിയാണ് അംഗീകാരം നല്‍കുന്നത്. പഞ്ചായത്ത് ഓഫീസില്‍ ടോക്കണ്‍ സംവിധാനത്തിലാണ് എല്ലാ അപേക്ഷകളും സമര്‍പ്പിക്കുന്നത്. ഭിന്നശേഷിയുള്ളവര്‍ക്കായി റാമ്പുകളും മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക ഫീഡിങ് റൂമും ഒരുക്കിയിട്ടുണ്ട്. കൂടാതെ വിവിധ ആവശ്യങ്ങള്‍ക്ക് പഞ്ചായത്തില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ ഇരിപ്പിടങ്ങള്‍, കുടിവെള്ളം, ഫാന്‍, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

പഞ്ചായത്തോഫീസിലെ 12 വര്‍ഷത്തെ മുഴുവന്‍ ഫയലുകളും കമ്പ്യൂട്ടറൈസ്ഡ് ചെയ്തതിന് പുറമെ ഈ ഫയലുകളെല്ലാം ചിട്ടയോടെ റെക്കോര്‍ഡ് റൂമിലും സൂക്ഷിച്ചിട്ടുമുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവര്‍ക്ക് പേനയും പേപ്പറും ലഭിക്കും. പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകളെകുറിച്ചുള്ള വിവരങ്ങള്‍, അവ ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ എന്നിവ വ്യക്തമാക്കുന്ന ബോര്‍ഡുകളും  പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭരണസമിതി അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക ക്യാബിനുകളും സജ്ജമാക്കിയിട്ടുണ്ട്.

പാലക്കാട് നഗരത്തിനോടടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഏറെ തിരക്കനുഭവപ്പെടുന്ന ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും കമ്മ്യൂണിറ്റി ഹാള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്. 36 അംഗങ്ങളുള്ള ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ മാലിന്യ ശേഖരണവും സംസ്‌കരണവും നടക്കുന്നു. പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തില്‍ കാന്റീനും പ്രവര്‍ത്തിക്കുന്നുണ്ട്.

ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ഐ.എസ്.ഒ പ്രഖ്യാപനവും നവീകരിച്ച മീറ്റിംഗ് ഹാളിന്റെ ഉദ്ഘാടനവും പി.കെ. ശശി എം.എല്‍.എ നിര്‍വഹിച്ചു. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജലക്ഷ്മി അധ്യക്ഷയായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ. പ്രഭാകരന്‍ കുടുംബശ്രീ മാച്ചിംഗ് ഗ്രാന്റ് വിതരണം ചെയ്തു. 27 കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കായി 1,16063 രൂപയാണ് വിതരണം ചെയ്തത്. 21 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച മീറ്റിംഗ് ഹാളില്‍ 100 പേര്‍ക്കുള്ള ഇരിപ്പിടങ്ങള്‍, മൈക്ക് സജ്ജീകരണം, ശീതീകരണം ഉള്‍പ്പെടെയുള്ള പ്രവൃത്തികളാണ് ചെയ്തത്.

മലമ്പുഴ ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി പി രാധാമണി, മരുതറോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ബി. മുരളീധരന്‍, ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ കെ. അശോകന്‍, പഞ്ചായത്ത് അംഗങ്ങളായ സി. പ്രിയ, എസ്. വിനേഷ്, സൗമ്യ വിനേഷ്, പി.വിമല എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!