പാലക്കാട്:ജില്ലയില്‍ ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഈഡിസ് വിഭാഗം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഒരിക്കല്‍ രോഗം വന്ന വര്‍ക്ക് വീണ്ടും ഉണ്ടായാല്‍ മാരകമായേക്കാമെന്നും പൊതുജനങ്ങള്‍ താഴെപറയുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

  • *ഈഡിസ് കൊതുകുകള്‍ സാധാരണ മുട്ടയിടുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ഉരകല്ല്, ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, വെളളം കെട്ടിനില്‍ക്കാവുന്ന സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്‌കരിക്കുകയോ വെളളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യുക.
  • മഴക്കാലത്ത് ടെറസ്സിനു മുകളിലും സണ്‍ഷേഡിലും വെളളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്.
  • റഫ്രിജറേറ്ററിനു പുറകിലുളള ട്രേ, ചെടിച്ചട്ടിക്കിടയില്‍ വെക്കുന്ന പാത്രം, പൂക്കളും ചെടികളും നില്‍ക്കുന്ന പാത്രം, ടെറസ്സ്, ടാങ്ക് എന്നിവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണ്ണമായും നീക്കം ചെയ്യണം.
  • ജലം സംഭരിച്ചു വെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടി വെക്കുക. ഇവയിലെ വെളളം ആഴ്ചയിലൊരുക്കല്‍ ചോര്‍ത്തിക്കളഞ്ഞു ഉള്‍വശം ഉരച്ചു കഴുകി ഉണങ്ങിയ ശേഷം വീണ്ടും നിറയ്ക്കുക.
  • മരപ്പൊത്തുകള്‍ മണ്ണിട്ട് മൂടുക.
  • എലി, അണ്ണാന്‍ തുടങ്ങിയവ തുരന്നിടുന്ന നാളികേരം, കൊറിക്കായകള്‍ എന്നിവ ആഴ്ചയിലൊരിക്കല്‍ കത്തിച്ചു കളയുകയോ കുഴിച്ചുമൂടുകയോ ചെയ്യുക.
  • മുളം കുറ്റികള്‍ വെളളം കെട്ടി നില്‍ക്കാത്ത വിധത്തില്‍ വെട്ടിക്കളയുകയോ മണ്ണിട്ട് മൂടുകയോ ചെയ്യുക.
  • ടാര്‍പോളിന്‍, പ്ലാസ്റ്റിക് ഷീറ്റ് എന്നിവയില്‍ വെളളം കെട്ടി നില്‍ക്കാതെ ശ്രദ്ധിക്കുക.
  • വീടിന്റെ പരിസരത്തും പുരയിടങ്ങളിലും കാണുന്ന കുഴികള്‍ മണ്ണിട്ട് മൂടുക. അല്ലെങ്കില്‍ ചാല് കീറി വെളളം വറ്റിച്ചുകളയുക.
  • ഓടകളിലും ചാലുകളിലും വെളളം സുഗമമായി ഒഴുകിപ്പോകുന്നതിനായി ചപ്പു ചവറുകളും മണ്ണും മറ്റും യഥാസമയം നീക്കുക.
  • സെപ്റ്റിക് ടാങ്കിന്റെ വെന്റ് പൈപ്പിന്റെ അഗ്രം കൊതുക് വല ഉപയോഗിച്ച് കെട്ടുക. സ്ലാബിനടിയിലെ വിടവുകള്‍, സുഷിരങ്ങള്‍ എന്നിവ സിമന്റ് കൊണ്ട് അടക്കുക.
  • വീടിനുചുറ്റുമുളള പാഴ്‌ചെടികള്‍, ചപ്പ് ചവറുകള്‍ എന്നിവ നീക്കണം.
  • കിണറുകള്‍, കുളങ്ങള്‍, ടാങ്കുകള്‍, ഫൗണ്ടനുകള്‍, താത്ക്കാലിക ജലാശയങ്ങള്‍ മുതലായവയില്‍ കൂത്താടി ഭോജി മത്സ്യങ്ങളായ മാനത്തു കണ്ണി, ഗപ്പി, ഗംബൂസിയ എന്നിവ നിക്ഷേപിക്കുക.
  • ഈഡിസ് കൊതുകിന്റെ കടിയേല്‍ക്കാതിരിക്കാന്‍ പകല്‍ സമയത്ത് ഉറങ്ങുന്നവര്‍ കൊതുകുവല ഉപയോഗിക്കുക. കീടനാശിനിയില്‍ മുക്കിയ കൊതുകുവല ഉപയോഗിക്കുന്നതാണ് ഏറെ ഉത്തമം.
  • കൊതുകിനെ അകറ്റുവാന്‍ കഴിവുളള ലേപനങ്ങള്‍ ദേഹത്ത് പുരട്ടുക.
  • ശരീരം നന്നായി മൂടുന്ന വസ്ത്രം ധരിക്കുക.
  • ജനല്‍, വാതില്‍, വെന്റിലേറ്റര്‍ മുതലായവയില്‍ കൊതുക് കടക്കാതെ വല പിടിപ്പിക്കുക.
  • പനി വന്നാല്‍ സ്വയം ചികിത്സ നടത്താതെ സമീപമുളള ആശുപത്രിയില്‍ ചികിത്സ തേടുക.
  • റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍, കമുകിന്‍ തോട്ടങ്ങളിലെ പാളകള്‍ എന്നിവയില്‍ വെളളം കെട്ടി നിന്ന് കൊതുക് വളരാനുളള സാഹചര്യം ഒഴിവാക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം അനുസരിച്ച് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ മെഡിക്കല്‍ (ആരോഗ്യം) അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!