കല്ലടിക്കോട്: കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡോക്ടറുടെയും മരുന്നുകളുടേയും കുറവ് പരി ഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. കരിമ്പ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന സര്ക്കാര്ആശുപത്രിയില് സായാഹ്ന ഒ.പി. നിലച്ചതിനെതിരെയും പ്രതിഷേധമുയര്‍ന്നു. ലോക്കല്‍ സെക്രട്ടറി സി.പി സജി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞമാസം 26മുതല്‍ സായാഹ്ന ഒ.പി. ഇല്ലാത്തത് രോഗികളെ പ്രയാസത്തിലാക്കുകയാണ്. മരുന്നിന്റെ ലഭ്യതയിലും കുറവുള്ളതായി രോഗികള്‍ പറയുന്നു.ഡോക്ടര്‍ കുറിച്ചുനല്‍കുന്ന മരുന്നുകളില്‍ പകുതിയും പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണ്. മഴയെത്തിയതോടെ പനിബാധിച്ച് ചികിത്സതേടിയെത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. രാവിലെയുള്ള ഒ.പിയില്‍ 150 മുതല്‍ 200 വരെ രോഗികളാണ് ചികിത്സക്കായി എത്തുന്നത്. എട്ടുവര്ഷത്തോ ളമായി പ്രവര്‍ത്തിച്ചുവന്നിരുന്ന സായാഹ്ന ഒ.പി. പൊടുന്നനെ നിലച്ചത് രോഗികളെ കുറച്ചൊന്നു മല്ല വലയ്ക്കുന്നത്.അതേസമയം ഇവിടെയെത്തുന്ന രോഗികള്‍ക്കാവശ്യമായ അത്യാവശ്യം മരുന്നുകള്‍ ഉണ്ടെന്നും വര്‍ഷം തുടക്കത്തിന്റെ ഭാഗമായുള്ള ഫണ്ടിന്റെ കുറവ് പരിഹരിക്കാ നുള്ള നടപടി സ്വീകരിച്ചതായും മെഡിക്കല്‍ ഓഫിസര്‍ ഡോ.ഹണി റോസ് പറഞ്ഞു.
അതേസമയം ഡെങ്കിപ്പനി പോലെയുള്ള പകര്‍ച്ചവ്യാധികള്‍ കരിമ്പ പഞ്ചായത്തില്‍ കുറവാണെ ന്നതാണ് മറ്റൊരാശ്വാസം. കഴിഞ്ഞമാസം വരെ ആകെ 15 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈമാസം മൂന്ന് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴക്കാലമെത്തുന്നതിന് മുന്നേ തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി തന്നെ തന്നെ തുടരുന്നതായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.യു സുഹൈല്‍ അറിയിച്ചു. ഉടന്‍ സായാഹ്ന ഒ.പിയില്‍ ഡോക്ടറെ നിയമിച്ച് പ്രവര്‍ത്തനം തുടരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആശുപത്രിയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സി.പി.എം. നേതാക്കള്‍ മുന്നറിയിപ്പ് നല്കി. ദീപാ ജംങ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ചുമായെത്തിയ പ്രവര് ത്തകരെ ആശുപത്രി കവാടത്തിന് മുന്നില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണയില്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ.സി ഗിരീഷ് അധ്യക്ഷനായി. സി.കെ ജയശ്രീ, പി.ജി വത്സന്, എം.ചന്ദ്രന്, എം.യു രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
