മണ്ണാര്‍ക്കാട്: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്‍.പി., യു.പി. തല വിദ്യാര്‍ഥികള്‍ക്കായി സമഗ്രശിക്ഷാ കേരളം ആവിഷ്കരിച്ച് നടപ്പാക്കുന്ന ഭാഷാ ഗണിത പോഷണ പദ്ധതിയായ ‘നവജീവനം (റിവൈവ്)’ ത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ബി.ആര്.സി. പരിധിയിലുള്ള അധ്യാപകര്‍ക്കായി പരിശീലന പരിപാടി ആരംഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ അധ്യക്ഷനായി. പാലക്കാട് ഡി.പി.ഒ. ഡോ.സത്താര്‍ താണിയന്‍ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. വിദ്യാര്‍ഥികളില്‍ മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങളില്‍ നേരിടുന്ന പരിമിതികള്‍ പൂര്‍ണമായി പരിഹരിച്ച് തുടര്‍പഠനം മികച്ച നിലവാ രത്തിലെത്തിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ബി.പി.സി. സലീം നാലകത്ത്, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ സിദ്ധീഖ് പാറോക്കോട് എന്നിവര്‍ സംസാരിച്ചു. ആര്.പിമാരായ യു.കെ ബഷീര്‍, കരീം പടിക്കല്‍, റാഷിദ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
