ഷോളയൂര്‍: മഴക്കാലത്ത് ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത്, ഷോളയൂര്‍ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി വാര്‍ഡ് തല ശുചീകരണ പ്രവര്ത്ത നങ്ങളും ഉറവിട നശീകരണവും ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളും വ്യാപകമായി നടന്നു വരികയാണ്.
ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ചാണ് ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കെട്ടി നില്ക്കുന്ന പാത്രങ്ങള്‍, ടയറുകള്‍, ചിരട്ടകള്‍, പൂച്ചട്ടികള്‍ എന്നിവ ആഴ്ചയില്‍ ഒരു ദിവസം ശുചീകരിച്ച് ‘ഡ്രൈ ഡേ’ ആചരിക്കാന്‍ പൊതുജനങ്ങളോട് ആരോഗ്യ പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു. പനി, കടുത്ത തലവേദന, കണ്ണിനു പിന്നിലെ വേദന, ശരീരവേദന, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ തന്നെ അടുത്തുള്ള ആരോ ഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്ത നാല് ആഴ്ചത്തേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി, കുടുംബശ്രീ അംഗങ്ങള്‍, ഓട്ടോ-ചുമട്ടുതൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പൊതുസ്ഥലങ്ങളില്‍ ശുചീകരണ യജ്ഞം സംഘടിപ്പിക്കും. രോഗവ്യാപനം തടയാന്‍ പൊതുജനങ്ങളുടെ സജീവ സഹകരണം അനിവാര്യമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.എസ് ചിത്ര പറഞ്ഞു.
