മണ്ണാര്‍ക്കാട് : നടന്നുപോവുന്നതിനിടെ വീട്ടമ്മയെ റോഡരികിലെ ചാലിലേക്ക് തള്ളി യിട്ട ശേഷം ആഭരണങ്ങള്‍ കവര്‍ന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോലയില്‍ ഇന്നലെ രാവിലെ 6.15 നാണ് സംഭവം. പൂഞ്ചോല കന്നുംകുളമ്പില്‍ ജോണിന്റെ ഭാര്യ ജെസ്സി (59) യുടെ ആഭരണങ്ങളാണ് അപഹരിക്കപ്പെട്ടത്. കഴുത്തില്‍ ഉണ്ടായിരുന്ന രണ്ടു പവന്റെ സ്വര്‍ണമാല, മുക്കാല്‍ പവന്റെ സ്വര്‍ണ മോതിരം, കൈയിലണിഞ്ഞിരുന്ന രണ്ട് വളകളുമാണ് മോഷ്ടാവ് ബലപ്രയോഗത്തിലൂടെ കവര്‍ന്നത്.ഇവര്‍ പൂഞ്ചോലയി ലുള്ള പള്ളിയിലേക്ക് പ്രാര്‍ഥനയ്ക്കായി പോവുന്നതിനിടെ ഇടവഴിയില്‍വച്ചായിരുന്നു ആക്രമണം. വിജനമായ ഭാഗവുമാണ് ഇവിടം. പിന്നിലൂടെ വന്ന ആള്‍ റോഡരികിലെ ചാലിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ആഭരണങ്ങള്‍ ഊരിയെടുത്തശേഷം രക്ഷപ്പെട്ടു. ബലപ്രയോഗ ത്തിനിടെ ഇവര്‍ക്ക് ചെറിയ പരിക്കുകളേറ്റു. ആളെ തിരിച്ചറിയാനായിട്ടില്ല. പ്രതി യ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മണ്ണാര്‍ക്കാട് പൊലിസ് അറിയിച്ചു.