മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ‘ജീവന് ദീപം ഒരുമ’ പദ്ധതി വഴി 16.7ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ.കേരള സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പും എല്‍.ഐ.സിയും ചേര്‍ന്ന് നടത്തുന്ന പദ്ധതിയില്‍ 200 രൂപയാണ് വാര്‍ഷിക പ്രീമിയം. സി.ഡി.എസ്. തലത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാരായ ബീമ മിത്രവഴിയാണ് പ്രീമിയം സമാഹരണവും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതും പോളിസി പുതുക്കുന്നതുമുള്പ്പടെ യുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.18-മുതല്‍ 74 വയസുവരെ പ്രായമുള്ളവര്‍ക്ക് പദ്ധതി യില്‍ അംഗമാകാം.
അയല്‍ക്കൂട്ടങ്ങളിലെ ഏതെങ്കിലും ഒരു അംഗത്തിന് ആകസ്മിക മരണമോ, അപകടമരണമോ സംഭവിച്ചാല്‍ പദ്ധതിയിലൂടെ ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കും. 18-നും 50നും ഇടയില്‍ പ്രായമുള്ള അയല്‍ക്കൂട്ട അംഗത്തിന് സ്വാഭാവിക മരണം സംഭവിക്കുകയാണെങ്കില്‍ പോളിയില്‍ പറഞ്ഞിട്ടുള്ള പ്രകാരം അവകാശിക്ക് രണ്ട് ലക്ഷം രൂപ ലഭിക്കും. 51-60 വയസു വരെയുള്ള പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ 80,000 രൂപയും, 61 -70 വരെ 30,000 രൂപയും 71 -74 വരെ 25,000 രൂപയുമാണ് അവകാശിക്ക് ലഭിക്കുക. അപകട മരണം സംഭവിച്ചാല്‍ ഈ തുകയ്ക്ക് പുറമേ 18-50 വയസു വരെയുള്ള അംഗങ്ങള്‍ക്ക് 1,20,000 രൂപയും 51-60 വയസുവരെ ഒരു ലക്ഷം രൂപയും 61-74 വരെ 60,000 രൂപയും ആനുകൂല്യമായി അവകാശിക്ക് ലഭിക്കും.
അയല്‍ക്കൂട്ട അംഗങ്ങള്‍ ചേര്‍ന്ന് ലിങ്കേജ് വായ്പയെടുത്ത ശേഷം ഏതെങ്കിലും ഒരംഗത്തിനു മരണം സംഭവിച്ചാല്‍ ആ വ്യക്തിയുടെ വായ്പാ ബാധ്യത മറ്റ് അംഗങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യം ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതു വഴി ഒഴിവാക്കാനായിട്ടുണ്ട്. മരണമടഞ്ഞ അംഗത്തിന്റെ പേരില്‍ ഉണ്ടായിരുന്ന വായ്പാ തുക ഇന്‍ഷുറന്‍സ് തുകയില്‍ നിന്നും അയല്‍ക്കൂട്ട ത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കും ബാക്കി തുക മരണമടഞ്ഞ വ്യക്തിയുടെ അവകാശിക്കും ലഭിക്കും. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച പദ്ധതി വഴി നാളിതുവരെ 37 കോടി രൂപ ഇന്‍ഷുറന്‍സ് ആനുകൂല്യമായി വിതരണം ചെയ്തിട്ടുണ്ട്.
അംഗങ്ങള്‍ക്ക് മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയായ ജീവന്ദീപ ഒരുമയുടെ പോളിസി കാലാവധി മാര്‍ച്ച് 31 വരെ യാണ്.കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ആദ്യം സംഘടിപ്പിച്ച സംസ്ഥാനതല എന്റോള്‍മെന്റ് കാംപെയിന് വഴിയാണ് ഇത്രയും പേരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
