തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതത്തിന് വലിയ ഭീഷണിയുയര്‍ത്തുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ അടിയന്തര നടപടികളുമായി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയില്‍ വനാതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ എം.എല്‍.എമാരുടെ യോഗം ചേര്‍ന്നു. മന്ത്രിമാരായ സണ്ണി ജോസഫ്, ടി. സിദ്ദിഖ്, മുന്‍മന്ത്രി കെ.രാജന് എന്നിവരുള്‍പ്പെടെയുള്ള ജനപ്രതിനിധികളും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
വന്യജീവികളെ ജനവാസ മേഖലകളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ അതിര്‍ത്തികളില്‍ ടോട്ടല്‍ ഡിഫെന്‍സ്’ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു.വന്യജീവി ശല്യം രൂക്ഷ മായ വയനാട്, ആറളം, കോതമംഗലം മേഖലകള്‍ക്ക് അടിയന്തര മുന്‍ഗണന നല്‍കും. ഇന്നലെ പകല്‍ മാത്രം ജനവാസ മേഖലകളില്‍ ഇറങ്ങിയ 6 ആനകളെ വിജയകരമായി കാട്ടിലേക്ക് തിരി ച്ചയക്കാന് വനംവകുപ്പിന് സാധിച്ചതായും മന്ത്രി യോഗത്തെ അറിയിച്ചു.
കാട്ടുപന്നി വിഷയം ഗൗരവമായി കൈകാര്യം ചെയ്യും. ഇരുളത്ത് വിജയകരമായി നടപ്പാക്കിയ ത്രീ ടയര്‍ ഡിഫെന്‍സ് സിസ്റ്റം വന്യജീവി ശല്യമുള്ള മറ്റ് വനമേഖലകളിലേക്കും വ്യാപിപ്പിക്കും. കാട്ടുപന്നികളെ ഉപദ്രവകാരികളായ ‘ക്ഷുദ്രജീവി’ ആയി പ്രഖ്യാപിക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ അതിന് അനുമതി നല്‍കിയിട്ടില്ലെന്ന് മന്ത്രി അഡ്വ. സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. വന്യജീവി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കേ ണ്ടതുണ്ടെന്നും മന്ത്രി ആവശ്യപ്പെട്ടു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വിനിയോഗം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വനംവകുപ്പിന് കീഴില്‍ തന്നെ സ്വന്തം നിര്‍വഹണ സംവിധാനം രൂപീകരിക്കണമെന്ന് മന്ത്രി ടി. സിദ്ദിഖ് ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക്, അപകടം നടന്നത് വനത്തിന് അകത്താണോ പുറത്താണോ എന്ന് നോക്കാതെ കൃത്യമായ നഷ്ടപരിഹാരം നല്‍കണമെന്ന് മുന്‍മന്ത്രി കെ. രാജന് യോഗത്തില്‍ ആവശ്യപ്പെട്ടു.
