മണ്ണാര്‍ക്കാട്: നഗരത്തില്‍ ആശുപത്രിപ്പടി ഭാഗത്ത് കെ.എസ്.ഇ.ബിയുടെ വൈദ്യുത ലൈനിന് തീപിടിച്ചു. ദേശീയപാതയോരത്തുള്ള ട്രാന്‍സ്ഫോര്‍മറിന് അടുത്ത് ചുറ്റിവെ ച്ചിരുന്ന ഏരിയല്‍ ബഞ്ച് കേബിളിലാണ് തീപിടുത്തമുണ്ടായത്. അഗ്നിരക്ഷാസേന യുടെ സമയോചിത ഇടപെടല്‍ മൂലം ട്രാന്‍സ്ഫോര്‍മറിലേക്ക് തീപടരുന്നത് തടയാനായി.
വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വിവരമറിയിച്ചപ്രകാരം വട്ടമ്പലം അഗ്നിരക്ഷാനിലയത്തില്‍ നിന്നും അസി. സ്റ്റേഷന് ഓഫിസര്‍ സേതുനാഥ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമെത്തി തീനിയന്ത്രണവിധേയമാക്കി. എച്ച്.ടി. എ.ബി. ലൈനിലുണ്ടായ എര്‍ത്ത് ഫാള്ട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു.
പ്രധാന കേബിളും ട്രാന്‍സ്ഫോര്‍മറിലേക്ക് നല്കിയ ഭാഗത്തുമുണ്ടായ തീപിടുത്തം കാരണം നൂറ് മീറ്ററോളം എ.ബി കേബിള്‍ മാറ്റി സ്ഥാപിക്കേണ്ട സാഹചര്യവുമായി. നഗരത്തിലും പരിസരങ്ങളിലും ഏറെ നേരം ഇടവിട്ട് വൈദ്യുതി തടസവും നേരിട്ടു. തുടര്‍ന്ന് പുതിയ സബ് സ്റ്റേഷനില്‍ നിന്നും വലിച്ചിട്ടുള്ള കവേര്‍ഡ് കണ്ടക്ടര്‍ ലൈന്‍ അടിയന്തരമായി പണിപൂര്‍ത്തിയാക്കി ചാര്‍ജ് ചെയ്തതോടെ പ്രശ്നത്തിന് പരിഹാരമായി.
