മണ്ണാര്‍ക്കാട്: എല്‍.ഡി.എഫ്. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം സ്ഥാനാര്‍ഥി മന്‍സില്‍ അബൂബക്കര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.15-ഓടെയാണ് ഉപവരണാധികാരി കൂടിയായ തഹസില്‍ദാര്‍ എ.വേണുഗോപാലിന് അദ്ദേഹം പത്രിക കൈമാറിയത്.
പത്രികസമര്‍പ്പണത്തിന് മുന്നോടിയായി മണ്ണാര്‍ക്കാട്ടെ പ്രഥമ എം.എല്‍.എയായിരുന്ന കൊങ്ങശ്ശേരി കൃഷ്ണന്റെ കുമരംപുത്തൂരിലുള്ള സ്മൃതിമണ്ഡപത്തില്‍ സ്ഥാനാര്‍ഥി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മുന്നണി നേതാക്കളുടേയും പ്രവര്‍ത്തകരുടെയും അക മ്പടിയോടെ രാവിലെ 11.45-ഓടെയാണ് സി.പി.ഐ. മണ്ണാര്‍ക്കാട് മണ്ഡലം ഓഫിസില്‍ നിന്നും പ്രകടനമായി സ്ഥാനാര്‍ഥിയെ താലൂക്ക് ഓഫിസിലേക്ക് ആനയിച്ചത്.
എടത്തനാട്ടുകര ചളവ സ്വദേശിയായ മന്‍സില്‍ അബൂബക്കറിന് നിയമസഭയിലേ ക്കുള്ള കന്നിയങ്കമാണിത്. ഇടതുസര്‍ക്കാരിന് അനുകൂലമായ തരംഗമാണ് ജനങ്ങള്‍ ക്കിടയിലുള്ളതെന്നും മണ്ണാര്‍ക്കാടും ഈ തെരഞ്ഞടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാരിന് അനുകൂലമായി വിധിയെഴുതുമെന്നും മന്‍സില്‍ അബൂബക്കര്‍ പറഞ്ഞു.നിയമസഭ യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ മണ്ണാര്‍ക്കാട് -ആനക്കട്ടി റോഡ് പൂര്‍ത്തീകരണത്തി നും, കണ്ണംകുണ്ടില്‍ പാലം നിര്‍മാണത്തിനും മുഖ്യപരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് യു.ടി രാമകൃഷ്ണന്, കണ്‍വീനര്‍ മണികണ്ഠന് പൊറ്റശ്ശേരി, മറ്റുനേതാക്കളായ ജോസ് ബേബി, വി.എ ലത്തീഫ്, എ.കെ അബ്ദുല്‍ അസീസ്, കെ.മന്‍സൂര്‍, ഐലക്കര മുഹമ്മദാലി, എം.വിനോദ്കുമാര്‍, വി.അബ്ദുല്‍ സലീം, സദകത്തുള്ള പടലത്ത്, കെ.വി അമീര്‍, ഷൗക്കത്തലി കുളപ്പാടം, പി.കബീര്‍, പി.നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
