മലപ്പുറം: കരിപ്പൂര്‍ വഴിയുള്ള ഹജ്ജ് യാത്ര പതിനേഴിനു സമാപിക്കും. മെയ് 17-ന് പുലര്‍ച്ചെ 2.20-നാണ് അവസാനത്തെ വിമാനം. ഇതിലേക്കുള്ള തീര്‍ഥാടകര്‍ മെയ് 16-ന് രാവിലെ 10-ന് ഹജ്ജ് ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യും. ശനിയാഴ്ച പുലര്‍ച്ചെ 12.20-ന് പുറപ്പെടുന്ന വിമാനത്തില്‍ 17 പുരുഷന്മാരും 126 സ്ത്രീകളും 2.25-ന് പുറപ്പെടുന്ന വിമാനത്തില്‍ 65 പുരുഷന്മാരും 77 സ്ത്രീകളുമാണ് യാത്രയാവുക.
കണ്ണൂരില്‍ നിന്നുള്ള തീര്‍ഥാടകരുടെ യാത്ര വ്യാഴാഴ്ച സമാപിച്ചു. 13 വിമാനങ്ങളിലായി 1,481 പുരുഷന്മാരും 3,038 സ്ത്രീകളും ഉള്‍പ്പടെ 4,519 പേരാണ് കണ്ണൂര്‍ വഴി ആകെ യാത്രയായത്. മാഹിയില്‍ നിന്നുള്ള 26, കര്‍ണ്ണാടകയില്‍ നിന്നുള്ള 222, മുംബൈയില്‍ നിന്നുള്ള നാല് തീര്‍ഥാടകരും ഇതില്‍ ഉള്‍പ്പെടും. കണ്ണൂരില്‍ നിന്നുള്ള തീര്‍ഥാടകരുടെ മടക്ക യാത്ര ജൂണ്‍ 21 മുതല്‍ 30 വരെയാണ്. കരിപ്പൂരില്‍ നിന്നുള്ളവരുടെ മടക്കം ജൂണ്‍ 23-നും കൊച്ചിയില്‍ നിന്നും ഷോര്‍ട്ട് ഹജ്ജ് വിഭാഗത്തില്‍ പുറപ്പെട്ടവരുടെ യാത്ര ജൂണ്‍ 11-നും മറ്റുള്ളവരുടേത് ജൂണ്‍ 13-നും ആരംഭിക്കും.
കരിപ്പൂരിലെ യാത്രയയപ്പ് സംഗമങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി ചെയര്മാന് ഡോ.ഹുസൈന് സഖാഫി ചുള്ളിക്കോട് , അംഗങ്ങളായ കെ.ഉമര്‍ ഫൈസി മുക്കം, അഡ്വ. പി. മൊയ്തിന് കുട്ടി, അശ്കര്‍ കോറാട് , പി.അബ്ദു റഹ്മാന് ഇണ്ണി, അസി.സെക്രട്ടറി ജാഫര്‍ കക്കൂത്ത് എന്നിവര്‍ നേതൃത്വം നല്കി. കൊണ്ടോട്ടി നിയുക്ത എം.എല്‍.എ. ടി.പി അഷ്റഫലി ഹജ്ജ് ക്യാംപിലെത്തി തീര്‍ഥാടകരെ കണ്ടു. ഹജ്ജ് സെല്‍ ഓഫിസര്‍ കെ.കെ. മൊയ്തീന് കുട്ടി നിര്‍ദ്ദേശങ്ങള്‍ നല്കി. തസ്കിയത്ത് സമിതി കോര്‍ഡിനേറ്റര്‍ തറയിട്ടാല്‍ ഹസന് സഖാഫി, ഊരകം അബ്ദു റഹ്മാന് സഖാഫി എന്നിവര്‍ ഉദ്ബോധനം നടത്തി.
