പാലക്കാട്: ജില്ലയിലെ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് ടി.എം ശശി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ വായ്പ നല്കുന്നതില് ബാങ്കുകള്‍ ഉദാര സമീപനം പുലര്‍ത്തണമെന്നും, വ്യാവസായിക ഇടനാഴിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രതീക്ഷിക്കുന്ന വികസനത്തില്‍ ബാങ്കുകള്‍ സുപ്രധാന പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതോടെ, പണമിടപാടുകളില്‍ സൂക്ഷ്മത പുലര്‍ത്താന്‍ ബാങ്കുകള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി. കെ.സി.സി. വായ്പകളുടെ തോത് കുറയുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ കലക്ടര്‍, വിദ്യാഭ്യാസ വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ പ്രകടനത്തില്‍ മാറ്റം വരണമെന്നും അഭിപ്രായപ്പെട്ടു.
2025-2026 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തോടെ 32649 കോടി രൂപ ജില്ലയിലെ ബാങ്കുകള്‍ വായ്പയായി നല്കി. ഇത് വാര്‍ഷിക ക്രെഡിറ്റ് പദ്ധതിയുടെ 91.71 ശതമാനം ആണ്. 13360 കോടി രൂപ കാര്‍ഷിക മേഖലയ്ക്കും, 3838 കോടി രൂപ മൈക്രോ സ്മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസുകള്‍ക്കും, 1417 കോടി രൂപ വിദ്യാഭ്യാസ-ഭവന വായ്പകള്‍ ഉള്‍പ്പെടെ മറ്റ് മുന്‍ഗണനാ മേഖലകള്‍ക്കുമായി നല്കി. ആകെ വായ്പയില്‍ 18616 കോടി രൂപ മുന്‍ഗണനാ മേഖലകള്‍ക്ക് നല്‍കിയതാണ്. 2025 ഡിസംബര്‍ 31 വരെയുള്ള ബാങ്കുകളുടെ വായ്പ നീക്കിയിരിപ്പ് 47577 കോടി രൂപയും, നിക്ഷേപം 64613 കോടി രൂപയുമാണ്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി അധ്യക്ഷയായി. പാലക്കാട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ടി.ബേബി ബാങ്കുകളുടെ പ്രാധാന്യം, സമൂഹത്തില്‍ ബാങ്ക് മാനേജര്‍മാര്‍ വഹിക്കുന്ന പങ്ക് എന്നിവയെ സംബന്ധിച്ച് സംസാരിച്ചു. കനറാ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എച്ച്.എസ് ആനന്ദ മുഖ്യപ്രഭാഷണം നടത്തി. ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ പി.ടി അനില്‍ കുമാര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ എം മുത്തുകുമാര്‍, മാനേജര്‍ എന്‍.എസ് അമല്‍, നബാര്‍ഡ് ജില്ലാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കവിത റാം, ലീഡ് ബാങ്ക് ഓഫീസര്‍ ബി രൂപലേഖ എന്നിവര്‍ സംസാരിച്ചു. വിവിധ ബാങ്ക്-സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
