ഷൊര്‍ണൂര്‍: സംസ്ഥാനത്തെ ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്കായി കുടുംബശ്രീ നടപ്പിലാക്കുന്ന ഏകീകൃത യൂണിഫോം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഷൊര്‍ണൂര്‍ നഗരസഭ ടൗണ്‍ ഹാളില്‍ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. ഹരിതകര്‍മ്മ സേന അംഗങ്ങളെ ‘കേരളത്തിന്റെ ശുചിത്വസൈന്യം’ എന്നുവിളിക്കാന്‍ അര്‍ഹരാണെന്ന് മന്ത്രി പറഞ്ഞു.
മാലിന്യ നിര്‍മാര്‍ജ്ജന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഹരിതകര്‍മ്മസേനയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ പുതിയമാറ്റം സഹായിക്കും.’ഒത്തൊരുമയുടെ കരുത്തിന് ഇനി ഒത്തൊരുമയുള്ള വസ്ത്രവും’ എന്ന സന്ദേശവുമായാണ് പുതിയ യൂണിഫോം രൂപകല്പന ചെയ്തിരിക്കുന്നത്.ഹരിത വര്‍ണ്ണത്തിലുള്ള വസ്ത്രവും ഒപ്പം തൊപ്പിയും അടങ്ങുന്നതാണ് പുതിയ യൂണിഫോം.
ഒരു സ്വപ്നം, ഒരു വേഷം, ഒരേയൊരു ലക്ഷ്യം എന്ന ആശയത്തിലൂന്നി സേനാംഗങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും അവര്‍ക്ക് കൃത്യമായ ഒരു ഔദ്യോഗിക വ്യക്തിത്വം നല്‍കാനുമാണ് ഈ വസ്ത്രം വിഭാവനം ചെയ്തിരിക്കുന്നത്.
ചടങ്ങില്‍ പി. മമ്മിക്കുട്ടി എം.എല്‍.എ. അധ്യക്ഷനായി.ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.നിര്‍മല , ഷൊര്‍ണൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ വി. കെ അനുരാജ്, കില ഡയറക്ടര്‍ എ. നിസാമുദ്ദീന്‍, ഐ യു എം എല്‍ റെപ്രസെന്റെറ്റീവ് ഉസ്മാന്, പാലക്കാട് ജോയിന്റ് ഡയറക്ടര്‍ പി. എം ഷഫീഖ്, മുന്‍ ചെയര്‍പേഴ്സണ്‍ എം. നാരായണ്‍, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി ഉണ്ണികൃഷ്ണന് ഷൊര്‍ണൂര്‍ നഗരസഭ സെക്രട്ടറി പി എസ് രാജേഷ് എന്നിവര്‍ പങ്കെടുത്തു.
