മണ്ണാര്‍ക്കാട്: കനത്തമഴയെ തുടര്‍ന്ന് താലൂക്കിലെ പുഴകളിലും മറ്റുജലാശയങ്ങളിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.അലനല്ലൂരില്‍ വെള്ളിയാര്‍ പുഴയ്ക്ക് കുറുകെയുള്ള കണ്ണംകുണ്ട് പാലം വെള്ളത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് വാഹനഗതാഗതം തടസപ്പെട്ടു. നാട്ടുകല്‍-ഭീമനാട് റോഡി ല്‍ വടശ്ശേരിപ്പുറത്തിന് സമീപം സംരക്ഷണഭിത്തിയും റോഡും തകര്‍ന്നതോടെ വ്യാഴാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി കുമരംപുത്തൂര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എഞ്ചിനീയര്‍ അറിയിച്ചു.
ബുധനാഴ്ച രാവിലെ മുതല്‍ മേഖലയില്‍ ലഭിച്ച ശക്തമായ മഴയാണ് പുഴകളില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്. ഉച്ചകഴിഞ്ഞാണ് കണ്ണംകുണ്ട് പാലത്തിലേക്ക് വെള്ളം കയറി തുടങ്ങിയത്. വൈ കിട്ടോടെ പാലം വെള്ളത്തില്‍ മുങ്ങുകയും ഗതാഗതം പൂര്‍ണമായി തടസപ്പെടുകയും ചെയ്തു. താലൂക്കിലെ പ്രധാന പുഴയായ കുന്തിപ്പുഴയിലും ശക്തമായ നീരൊഴുക്കുണ്ടായി. ഈ മഴക്കാലത്ത് ഇതാദ്യമായാണ് പുഴ ഇരുകരതൊട്ടൊഴുകിയത്. കുമരംപുത്തൂര്‍ ചങ്ങലീരി സ്കൂളിന് സമീപം റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതും പ്രയാസത്തിനിടയാക്കി.
കാലവര്‍ഷമെത്തി ഒരു മാസം പിന്നിട്ടശേഷം ഇന്നാണ് ഇത്രയും വലിയ അളവില്‍ മേഖലയില്‍ മഴലഭിച്ചത്. അതേസമയം മറ്റുകെടുതികളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
